കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ മരണത്തിൽ പ്രതിഷേധവുമായി മുൻ അദ്ധ്യാപിക. നടന്നത് ക്രൂരമായ സംഭവമാണെന്നും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും അവർ പറഞ്ഞു. ജുവനെെൽ ഹോമിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.
പ്രതികളായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിച്ചത് തെറ്റാണെന്നും അദ്ധ്യാപിക വൈകാരികമായി പ്രതികരിച്ചു. “കേരളം മുടിഞ്ഞു. ജാതിയും മതവും പാർട്ടിയും നോക്കാതെ ശിക്ഷാനിയമത്തിൽ മാറ്റം വരുത്തണം. രക്ഷിതാക്കൾക്ക് കൗൺസിലിംഗ് നൽകണം. ടീച്ചർമാർക്ക് ശരീയായ പരിശീലനം നൽകണം. എന്റെ മകനാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഞാൻ സഹിക്കില്ല… അടികൊടുത്ത് തന്നെ വളർത്തണം. വീട്ടിലിരുന്ന് വാർത്തകൾ കേട്ട് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് പ്രതികരിക്കാൻ വേണ്ടി വന്നത്. കുറ്റം ചെയ്ത കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നു. അവർക്ക് മാതൃകാപരമായ ശിക്ഷ കൊടുത്താലേ കേരളം നന്നാവൂ, ശിക്ഷാനിയമത്തിൽ മാറ്റം വരണം.” – അദ്ധ്യാപിക പറഞ്ഞു.
ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളെ വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിനുള്ളിൽ വച്ചുതന്നെ എസ്എസ്എസ്എൽസി പരീക്ഷ എഴുതിച്ചിരുന്നു. സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിക്കാനായിരുന്നു പദ്ധതിയെങ്കിലും സംഘർഷ സാധ്യത മുന്നിൽക്കണ്ട് ജുവനൈൽ ഹോമിനുള്ളിൽ സൗകര്യമൊരുക്കുകയായിരുന്നു പൊലീസ്.
പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഷഹബാസ് കഴിഞ്ഞ ശനിയാഴ്ചയാണു കൊല്ലപ്പെട്ടത്. വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനിടെ ഷഹബാസിന്റെ തലയ്‌ക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണകാരണം. നഞ്ചക്കു കൊണ്ടാണ് മർദ്ദനമേറ്റതെന്നാണ് വിവരം. ഷഹബാസിനെ കൊല്ലണമെന്നും കൂട്ടം ചേർന്ന് മർദ്ദിച്ചാൽ കേസുണ്ടാകില്ലെന്നും വിദ്യാർത്ഥികൾ പദ്ധതിയുടെ ഗ്രൂപ്പ് ചാറ്റും ഇതിനിടെ പുറത്തുവന്നിരുന്നു.















