ലക്നൗ: ബഹുജൻ സമാജ് പാർട്ടിയുടെ (BSP) എല്ലാ ചുമതലകളിൽ നിന്നും അനന്തരവൻ ആകാശ് ആനന്ദിനെ നീക്കിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി BSP അദ്ധ്യക്ഷ മായാവതി. ഭാര്യാപിതാവ് അശോക് സിദ്ധാർത്ഥിന്റെ സ്വാധീനതയിലാണ് ആകാശ് പ്രവർത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തിയാണ് മായാവതിയുടെ നടപടി. പാർട്ടി നേരത്തെ പുറത്താക്കിയിട്ടുള്ള നേതാവാണ് അശോക് സിദ്ധാർത്ഥ്.
ആകാശിന്റെ രാഷ്‌ട്രീയ ജീവിതം തകർന്നതിനുള്ള കാരണവും പാർട്ടിക്കുള്ളിൽ നിലവിലുള്ള പ്രശ്‌നങ്ങൾക്കുത്തരവാദിയും ആകാശിന്റെ ഭാര്യാപിതാവ് അശോക് സിദ്ധാർത്ഥാണെന്ന് മായാവതി കുറ്റപ്പെടുത്തി. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം തനിക്ക് പിൻഗാമികളില്ലെന്ന് പ്രഖ്യാപിച്ചാണ് പാർട്ടി ചുമതലകളിൽ നിന്ന് ആകാശിനെ മായാവതി ഒഴിവാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ആകാശിനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും മായവതി മാറ്റിയിരുന്നു. പിന്നീട് ജൂണിൽ തിരിച്ചെടുക്കുകയും ചെയ്തു.
പുറത്താക്കപ്പെട്ടതിനുശേഷം ആകാശിന് പക്വതയും പശ്ചാത്താപവും പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ പ്രതികരണം ധാർഷ്ട്യം നിറഞ്ഞതും സ്വാർത്ഥത, രാഷ്‌ട്രീയ അച്ചടക്കമില്ലായ്മ എന്നിവ പ്രതിഫലിപ്പിക്കുന്നതായിരുന്നുവെന്നും മായാവതി പറഞ്ഞു.
ആകാശിന്റെ പിതാവ് ആനന്ദ് കുമാർ, രാജ്യസഭാ എംപി രാംജി ഗൗതം എന്നിവരെ ബിഎസ്പി നാഷണൽ കോർഡിനേറ്റർമാരായി മായാവതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആകാശിന് പകരം ബിഎസ്പിയുടെ പ്രവർത്തനങ്ങൾ ആനന്ദ് കുമാറാകും ഏകോപിപ്പിക്കുക.















