തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡിനെതിരെ ഭക്തരുടെ ആരോപണം. ഇടഞ്ഞ വേണാട്ടുമുറ്റം ഉണ്ണിക്കുട്ടൻ എന്ന ആനയ്‌ക്ക് മദപ്പാട് ഉണ്ടായിരുന്നതായി ഭക്തർ ആരോപിക്കുന്നു. രാവിലെ മുതൽ ആന അസ്വസ്ഥത പ്രകടമാക്കിയിരുന്നെങ്കിലും അധികൃതർ ഇത് ഗൗനിച്ചില്ല.
അസ്വസ്ഥനായ ആനയെ ക്ഷേത്രത്തിൽ നിന്നും മാറ്റാൻ തയ്യാറായില്ലെന്നും, രാവിലെ മദപ്പാട് പ്രകടമാക്കിയ ആനയെ തന്നെ വൈകിട്ട് ശീവേലിക്കും എഴുന്നള്ളിച്ചു വെന്നും ആരോപണമുണ്ട്. ക്ഷേത്രം അധികൃതർ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും ഭക്തർ പറയുന്നു.
ആരോപണം അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോർഡ് പറഞ്ഞു.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന വേണാട്ടുമുറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആന ഞായർ വൈകിട്ടാണ് വിരണ്ടത് . രണ്ടാംവലത്തിന് ഗരുഡമാടത്തറയ്‌ക്ക് സമീപം എത്തിയപ്പോൾ ഉണ്ണിക്കുട്ടന്‍ തിരുവല്ല ദേവസ്വത്തിന്റെ ജയരാജൻ എന്ന ആനയെ കുത്തുകയായിരുന്നു. കീഴ്ശാന്തിമാരായ ശ്രീകുമാര്‍, അനൂപ് എന്നിവര്‍ക്കും ഭയന്നോടിയ പന്ത്രണ്ടോളം പേർക്കും പരിക്കേറ്റു.















