തിരുവനന്തപുരം: സിഐടിയു നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ആശാ വർക്കേഴ്സ് അസോസിയേഷൻ. CITU സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് അധിക്ഷേപിച്ചത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സിനെ മാത്രമല്ല. CITUവിനൊപ്പം നിന്ന മുഴുവൻ സ്ത്രീകളേയുമാണ് അയാൾ അവഹേളിച്ചത്. മാനവും അഭിമാനവും തിരിച്ചറിയാനാകാത്തവർ ഇങ്ങനെയൊക്കെ പറയുമെന്നും ആശാ വർക്കേഴ്സിനൊപ്പം സമരത്തിനിരിക്കുന്ന എംഎ ബിന്ദു പ്രതികരിച്ചു.
ഈ നേതാക്കന്മാരിൽ നിന്ന് ഉയർന്ന നിലവാരമുള്ള പരാമർശങ്ങളൊന്നും അല്ലെങ്കിലും പ്രതീക്ഷിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ സംസ്കാരം അനുസരിച്ചാണ് പ്രതികരിക്കുന്നത്. ആത്മാഭിമാനമുള്ള സ്ത്രീകൾ ആ പ്രസ്ഥാനം വിടുകയാണ് ചെയ്യേണ്ടതെന്നും എംഎ ബിന്ദു പറഞ്ഞു.
ഞങ്ങളെ അപമാനിച്ചതുപോലെ തോന്നിയില്ല, അവരുടെ കൂടെയിരിക്കുന്ന സ്ത്രീകൾ തന്നെയാണ് അവഹേളിക്കപ്പെട്ടത്. ഇതിനുള്ള മറുപടി പൊതുസമൂഹം തന്നെ നൽകുന്നുണ്ട്. ഇത്തരത്തിൽ സ്ത്രീകളെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന നേതാക്കന്മാർക്കൊപ്പവും പ്രസ്ഥാനത്തിനൊപ്പവും നിൽക്കണോയെന്ന് ആത്മാഭിമാനമുള്ള സ്ത്രീകൾ ആലോചിക്കണം. സിഐടിയു സംസ്ഥാന നേതാവിന്റെ അധിക്ഷേപ പരാമർശത്തെ നിയമപരമായ നേരിടാനാണ് ആശാവർക്കേഴ്സിന്റെ തീരുമാനമെന്നും എംഎ ബിന്ദു അറിയിച്ചു.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് പടിക്കൽ മഴ കൊണ്ട് സമരം ചെയ്യുന്ന ആശാ വർക്കേഴ്സിനെ നേരിൽ കണ്ട് പിന്തുണ അറിയിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയിരുന്നു. പൊലീസ് ടാർപ്പോളിൻ പൊളിച്ചുമാറ്റിയതിനാൽ മഴ നനഞ്ഞായിരുന്നു ആശമാർ സമരം ചെയ്തിരുന്നത്. പിന്തുണ അറിയിച്ച കേന്ദ്രമന്ത്രി അവർക്ക് കുട വിതരണം ചെയ്തു. ആശമാരുടെ ആശങ്കകൾ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കുമെന്ന് ഉറപ്പ് നൽകി അദ്ദേഹം മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു സിഐടിയു നേതാവിന്റെ അധിക്ഷേപ പരാമർശമുണ്ടായത്. “കുട നൽകിയതിനൊപ്പം ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല” എന്നായിരുന്നു സിഐടിയു നേതാവ് പറഞ്ഞത്.















