ലോസ്ഏഞ്ചൽസ്: 97-ാം ഓസ്കർ പ്രഖ്യാപനവും പുരസ്കാര ജേതാക്കളുടെയും വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം ലോകം ഏറ്റവുമധികം ചർച്ച ചെയ്തത്. ലോസ്ഏഞ്ചൽസിൽ നടന്ന ഓസ്കർ പ്രഖ്യാപനം ശ്രദ്ധാബിന്ദു ആകുമ്പോൾ ഓസ്കർ വേദിയിലെത്തിയ അമേരിക്കൻ ഹാസ്യനടൻ ആഡം സാൻഡ്‌ലറും ചർച്ചയാവുകയാണ്. യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമർ സെലൻസ്കിയുടെ വേഷത്തിൽ ഒരു സാധാരണ ഹുഡ്ഡി ധരിച്ചാണ് സാൻഡലർ എത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സെലൻസ്കിയും തമ്മിലുള്ള വാക്പോരുകൾക്ക് പിന്നാലെയാണ് സെലൻസ്കിയെ പരിഹസിക്കുന്ന തരത്തിലുള്ള താരത്തിന്റെ വേഷവിധാനം. ട്രംപുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെ സെലെൻസ്‌കിയുടെ വേഷത്തെ ഒരു മാദ്ധ്യമപ്രവർത്തകൻ ചോദ്യംചെയ്തിരുന്നു. എന്തുകൊണ്ട് നിങ്ങൾ സ്യൂട്ട് ധരിച്ചില്ലെന്നും സ്യൂട്ട് സ്വന്തമായി ഇല്ലേയെന്നുമായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ പരിഹാസം.
വീഡിയോ വലിയ തോതിൽ ചർച്ചയായതിന് പിന്നാലെയാണ് ഓസ്കർ വേദിയിലെ ഹാസ്യതാരത്തിന്റെ വരവ്. വേദിയിൽ അരങ്ങേറിയ ഒരു പരിപാടിക്കിടെ അവതാരകൻ കോനൻ ഒബ്രയൻ സാൻഡലറുടെ ലുക്കിനെ പരിഹസിച്ചിരുന്നു. ഇത്രയും ആളുകൾ പങ്കെടുക്കുന്ന അഭിമാനകരമായ ഒരു പരിപാടിയിൽ ഇത്തരം വേഷം ധരിച്ചത് എന്തിനെന്ന് അവതാരകൻ ചോദിച്ചു.
താൻ ധരിക്കുന്ന വേഷം തന്റെ ഇഷ്ടമാണെന്നും എന്ത് ധരിക്കുന്നു എന്ത് ധരിക്കുന്നില്ല എന്നത് തന്റെ പ്രശ്നമല്ലെന്നും സാൻഡ്ലർ പറഞ്ഞു. ഇത് കേട്ടതും സദസിലുണ്ടായിരുന്നവർ കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.















