പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ ദേവസ്വം ജീവനക്കാർക്കെതിരെ കേസെടുത്തു. ദേവസ്വം ജീവനക്കാർ അടക്കം നാലുപേരെ പ്രതിയാക്കി വനം വകുപ്പാണ് കേസെടുത്തത്. ക്ഷേത്രം മാനേജർ, അസിസ്റ്റന്റ് മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരി, ആന ഉടമ, പാപ്പാൻ എന്നിവരാണ് കേസിലെ പ്രതികൾ.നാട്ടാന പരിപാലന ചട്ടലംഘനം, വന്യജീവി സംരക്ഷണ നിയമം പാലിക്കാത്തത്. ഇവ മുൻനിർത്തിയാണ് കേസ്
ഞായറാഴ്ച രാത്രി എട്ടിനാണ് ശീവേലി എഴുന്നത്തള്ളത്തിനിടെയാണ് വേണാട്ടുമുറ്റം ഉണ്ണിക്കുട്ടൻ എന്ന ആന, മുൻപേ പോയ ആനയെ കുത്തുകയും ഇടഞ്ഞോടുകയും ചെയ്തത്. രണ്ടാംവലത്തിന് ഗരുഡമാടത്തറയ്‌ക്ക് സമീപം എത്തിയപ്പോൾ ഉണ്ണിക്കുട്ടന്‍ തിരുവല്ല ദേവസ്വത്തിന്റെ ജയരാജൻ എന്ന ആനയെ കുത്തുകയായിരുന്നു. കീഴ്ശാന്തിമാരായ ശ്രീകുമാര്‍, അനൂപ് എന്നിവര്‍ക്കും ഭയന്നോടിയ പന്ത്രണ്ടോളം പേർക്കും പരിക്കേറ്റു.
ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡിനെതിരെ ആരോപണവുമായി ഭക്തർ രംഗത്തെത്തിയിരുന്നു. ഇടഞ്ഞ വേണാട്ടുമുറ്റം ഉണ്ണിക്കുട്ടൻ എന്ന ആനയ്‌ക്ക് മദപ്പാട് ഉണ്ടായിരുന്നതായി ഭക്തർ ആരോപിക്കുന്നു. രാവിലെ മുതൽ ആന അസ്വസ്ഥത പ്രകടമാക്കിയിരുന്നെങ്കിലും അധികൃതർ ഇത് ഗൗനിച്ചില്ല.
അസ്വസ്ഥനായ ആനയെ ക്ഷേത്രത്തിൽ നിന്നും മാറ്റാൻ തയ്യാറായില്ലെന്നും, രാവിലെ മദപ്പാട് പ്രകടമാക്കിയ ആനയെ തന്നെ വൈകിട്ട് ശീവേലിക്കും എഴുന്നള്ളിച്ചു വെന്നും ആരോപണമുണ്ട്. ക്ഷേത്രം അധികൃതർ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും ഭക്തർ പറയുന്നു.















