തിരുവനന്തപുരം: കൊച്ചുവേളിയിൽ തിമിംഗല സ്രാവുകൾ വലയിൽ കുടുങ്ങി. കൊച്ചുവേളി സ്വദേശിയായ ബൈജുവിന്റെ വലയിലാണ് സ്രാവുകൾ കുടുങ്ങിയത്. രണ്ട് സ്രാവുകൾ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം കടലിലേക്ക് നീന്തിപ്പോവുകയായിരുന്നെന്ന് ബൈജു പറഞ്ഞു. വല വലിച്ച് കയറ്റുമ്പോഴാണ് സ്രാവുകൾ കുടുങ്ങിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്.
രണ്ടായിരം കിലോയോളം വരുമെന്നാണ് കരുതുന്നത്. വല മുറിച്ച് സ്രാവിനെ കടലിലേക്ക് ഒഴുക്കിവിടാൻ ശ്രമിച്ചെങ്കിലും തിരികെ കരയ്‌ക്കടിയുകയായിരുന്നു. വൈല്‍സ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവര്‍ത്തകരും മത്സ്യതൊഴിലാളികളും സ്രാവിനെ കടലിലേയ്‌ക്ക് വിടാനുള്ള ശ്രമം തുടരുകയാണ്.
വേലിയിറക്കം ഉള്ളതിനാലാണ് സ്രാവിനെ തിരികെ കടലിലേക്ക് വിടാൻ സാധിക്കാത്തത്. ശ്രമം ദുഷ്കരമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വംശനാശഭീഷണി നേരിടുന്ന സ്രാവാണ് വലയിൽ കുടുങ്ങിയത്. പൊലീസും വനംവകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്.















