കുലാഭിവൃദ്ധിക്കായി പ്രയത്നിക്കുന്ന ടാൻസാനിയൻ പൗരനാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. സ്വന്തം കുടുംബത്തെ ഒരു കൊച്ചുസാമ്രാജ്യമായി പ്രഖ്യാപിക്കാൻ ഉതകുന്ന രീതിയിൽ അംഗസംഖ്യ ഉയർത്താനുള്ള കഠിനശ്രമത്തിലാണ് ഇദ്ദേഹം. ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി 20 സ്ത്രീകളെയാണ് കക്ഷി വിവാഹം ചെയ്തത്. ഇവരിൽ 104 കുട്ടികളും 144 പേരക്കുട്ടികളും ജനിച്ചു. ടാൻസാനിയയിലെ ഗ്രാമമായ ഞോംബെയിലാണ് എംസീ ഏർണെസ്റ്റോയുടെ ഈ ‘സാമ്രാജ്യം’ നിലകൊള്ളുന്നത്.
വളരെ കുറച്ച് അംഗങ്ങൾ മാത്രമുള്ള സമുദായത്തിലെ അംഗമായിരുന്നു ഏർണെസ്റ്റോ. കുലമഹിമയ്‌ക്കും കുലാഭിവൃദ്ധിക്കും അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഏർണെസ്റ്റോയുടെ പിതാവ് പറഞ്ഞിരുന്നു. പിതാവിന്റെ സ്വപ്നം നിറവേറ്റുന്നതിനായി ഇറങ്ങിപ്പുറപ്പെട്ട ഏർണെസ്റ്റോ തുടരെ തുടരെ വിവാഹം കഴിക്കുകയും ഇതിലൂടെ നിരവധി കുട്ടികൾക്ക് ജന്മം നൽകുകയുമായിരുന്നു.
20 ഭാര്യമാരിൽ 16 പേരാണ് ഇപ്പോഴും ഏർണെസ്റ്റോയ്‌ക്ക് ഒപ്പമുള്ളത്. ഓരോ ഭാര്യമാർക്കും ഓരോ വീടുമുണ്ട്. ഇതിൽ ഏഴ് ഭാര്യമാരും സഹോദരിമാരാണ്. 1961-ലായിരുന്നു ഏർണെസ്റ്റോയുടെ ആദ്യ വിവാഹം. 1962ൽ ആദ്യ കുഞ്ഞും ജനിച്ചു. ഒറ്റ ഭാര്യയെ കൊണ്ട് നിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയില്ലെന്ന് പിതാവ് ഉപദേശിച്ചതോടെ കൂടുതൽ ഭാര്യമാരെ സ്വന്തമാക്കാൻ ഏർണെസ്റ്റോ തീരുമാനിച്ചു.
സ്വയംപര്യാപ്ത മാർഗങ്ങളിലൂടെ കുടുംബങ്ങളെ പോറ്റാനായിയിരുന്നു അയാൾ ശ്രമിച്ചത്. ഭക്ഷ്യവസ്തുക്കൾ പലതും അവർ തന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാൻ തുടങ്ങി. ചോളം, ബീൻസ്, കസ്സവ, നേന്ത്രപ്പഴം തുടങ്ങിവ അവർ ഉത്പാദിച്ചു. ഇത്രയും വലിയ കുടുംബത്തെ പോറ്റാനും അത്യാവശ്യം വിശപ്പടക്കാനുമുള്ള ആഹാരസാധനങ്ങൾ ഇതിൽ നിന്ന് ലഭിച്ചു. കൂടുതലായുള്ള ഭക്ഷ്യവസ്തുക്കൾ വിറ്റ് പണമുണ്ടാക്കി അതുപയോഗിച്ച് മറ്റ് അവശ്യവസ്തുക്കൾ വാങ്ങുന്നതായിരുന്നു പതിവ്.
“ആളുകൾ കരുതുന്നത് ഞാനാണ് എല്ലാവരെയും നിയന്ത്രിക്കുന്നതെന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ഈ വീട്ടിലെ സ്ത്രീകളാണ് കുടുംബങ്ങളെ ഐക്യത്തോടെ ഒന്നിച്ചുനിർത്തുന്നത്. ഞാൻ അവർക്ക് മാർഗനിർദേശം നൽകുന്നുവെന്ന് മാത്രം” ഏർണെസ്റ്റോ പറഞ്ഞു.
ഒരേയൊരു പ്രയാസം മാത്രമേയുള്ളൂ, മക്കളുടെയും കൊച്ചുമക്കളുടേയും പേരുകൾ പലപ്പോഴും ഓർമയിൽ നിൽക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 104 മക്കളിൽ 40 കുട്ടികളെ ഏർണെസ്റ്റോയ്‌ക്ക് നഷ്ടപ്പെട്ടിരുന്നു. രോഗങ്ങൾ ബാധിച്ചോ അപകടങ്ങളിൽപ്പെട്ടോ മരിച്ചവരുടെ കണക്കാണിത്.