ശ്രീനഗർ: സിംഹക്കുട്ടികളോടൊപ്പം സമയംചെലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് ജാംനഗറിലെ അംബാനി കുടുംബത്തിന്റെ വന്യജീവി മൃഗസംരക്ഷണ കേന്ദ്രമായ വന്താരയുടെ ഉദ്ഘാടനത്തിന് ശേഷമാണ് സിംഹക്കുട്ടികളെ കാണാൻ പ്രധാനമന്ത്രി അല്പനേരം മാറ്റിവച്ചത്.
സിംഹക്കുട്ടികൾക്ക് കുപ്പിപാൽ നൽകുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഏതാനും മാസങ്ങൾ പ്രായമുള്ള സിംഹക്കുട്ടികളെയാണ് പ്രധാനമന്ത്രി കണ്ടത്. അദ്ദേഹത്തിന്റെ കൈകളിൽ നിന്ന് ചെറിയ കുറുമ്പുകൾ കാട്ടി കുപ്പിൽപാൽ നുണയുന്ന സിംഹകുഞ്ഞുങ്ങളെ വീഡിയോയിൽ കാണാം.
വന്യമൃഗങ്ങളെ സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് പ്രധാനമന്ത്രി സമീപിച്ചത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ ആവാസകേന്ദ്രമാണ് വന്താര. ഉദ്ഘാടനത്തിന് പിന്നാലെ മണിക്കൂറുകൾ നീണ്ട സഫാരിക്ക് ശേഷമാണ് പ്രധാനമന്ത്രി വന്താരയിൽ നിന്ന് മടങ്ങിയത്.
മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൻ അനന്ത് അംബാനി, മരുമകൾ രാധിക മെർച്ചന്റ് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി വന്താരയ്‌ക്ക് തുടക്കം കുറിച്ചത്.