സമൂഹത്തിലെ അതിക്രമങ്ങൾക്ക് കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധമെന്ന് ഫെഫ്ക. അതിക്രമങ്ങളും കൊലപാതകവും പറയുന്ന സിനിമകൾക്ക് ആധാരമായ ആശയങ്ങൾ കണ്ടെത്തുന്നത് സമൂഹത്തിൽ നിന്നാണെന്ന് ആരും മറക്കരുതെന്നും ഫെഫ്ക പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
പുരുഷാധിപത്യവും സ്ത്രീധനപീഡനങ്ങളും രാഷ്‌ട്രീയ ജീർണതയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സിനിമയിൽ നിന്നാണോ ഉണ്ടായത്. ഭൂരിപക്ഷം ആളുകൾക്കും പൊലീസ് പറയുന്ന കാര്യങ്ങൾ വെട്ടിവിഴുങ്ങാനാണ് ഇഷ്ടം. അഞ്ചാം പാതിര എന്ന സിനിമയാണ് വിഷ്ണുപ്രിയയുടെ കൊലയ്‌ക്ക് കാരണമായതെന്ന് പറയുന്നു. ദൃശ്യം എന്ന സിനിമ വെറെയും പല കൊലപാതകങ്ങൾക്കും കാരണമായെന്നാണ് പറയുന്നത്. മാർക്കോയ്‌ക്ക് എതിരെയും ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നുണ്ട്.
വയലൻസിനെ ആനന്ദത്തിനുള്ള ഉപാധിയെന്ന നിലയിൽ അവതരിപ്പിക്കുന്നത് വിമർശിക്കേണ്ടതാണ്. ജനാധിപത്യപരമായ അത്തരം സംവാദങ്ങൾ സ്വാഗതം ചെയ്യുന്നു. മലയാള സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള നടനെ കൊണ്ട് നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് പറയിപ്പിച്ചത് ഞങ്ങളുടെ സഹപ്രവർത്തകരായ എഴുത്തുകാരനും സംവിധായകനുമാണ്. തിയേറ്ററിൽ ആവേശമായ ഈ സീനുകൾക്കില്ലാത്ത സ്വാധീനശക്തി മറ്റുചില സീനുകൾക്ക് ഉണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും ഫെഫ്ക പറയുന്നു.