കണ്ണൂർ: വനിതാ ജയിലിന് മുകളിലൂടെ അജ്ഞാതർ ഡ്രോൺ പറത്തിയതായി പൊലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് 25 മീറ്റർ ഉയരത്തിലാണ് ഡ്രോൺ പറത്തിയത്. പൊലീസ് സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് തവണ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ചുവപ്പും പച്ചയും നിറങ്ങളുള്ള ലൈറ്റുകൾ പ്രകാശിപ്പിച്ചാണ് ജയിലിന് മുകളിലൂടെ പറന്നത്. ജയിൽ ജീവനക്കാരാണ് ഡ്രോൺ ആദ്യം കണ്ടത്. ജയിൽ സൂപ്രണ്ട് ടൗൺ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
ഡ്രോൺ പറത്തിയത് ആരെന്ന് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സെന്‍ട്രല്‍ ജയിലിന് സമീപം ജില്ലാ ജയിലും സ്‌പെഷ്യല്‍ സബ് ജയിലുമാണുള്ളത്. ഇതിന് പുറകിലായാണ് വനിത ജയിൽ സ്ഥിതിചെയ്യുന്നത്. സമീപപ്രദേശങ്ങളിലുള്ള ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.