കീവ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ വെച്ചുണ്ടായ വാഗ്വാദത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി ഖേദം പ്രകടിപ്പിച്ചു. ശാശ്വതമായ സമാധാനത്തിനായി ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി സെലൻസ്കി എക്സിൽ കുറിച്ചു. യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നു. യുക്രെയ്നിനുള്ള സൈനിക–സാമ്പത്തിക സഹായങ്ങൾ യുഎസ് നിർത്തിവച്ചതിനു പിന്നാലെയാണ് സെലൻസ്കിയുടെ സോഷ്യൽ മീഡിയ വഴിയുള്ള മാപ്പുപറച്ചിൽ. ധാതു ഖനന കരാർ ഏത് സമയത്തും ഒപ്പിടാൻ തയ്യാറാണെന്നും സെലൻസ്കി പറയുന്നു.
അമേരിക്കയുമായി ഒരു ധാതു കരാറിൽ ഒപ്പുവെക്കാൻ യുക്രെയ്ൻ തയ്യാറാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി ഞായറാഴ്ചയുകെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.യുക്രെയ്‌നിനുള്ള എല്ലാ സഹായങ്ങളും താൽക്കാലികമായി നിർത്തുകയാണെന്ന് ചൊവ്വാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിൽ, “നമ്മളിൽ ആരും അനന്തമായ യുദ്ധം ആഗ്രഹിക്കുന്നില്ല” എന്ന് സെലെൻസ്‌കി പറഞ്ഞു.
“ശാശ്വത സമാധാനത്തിലേക്കെത്തുന്നതിനായി യുക്രെയ്ൻ എത്രയും വേഗം ചർച്ചാ മേശയിലേക്ക് വരാൻ തയ്യാറാണ്,” എന്ന് പോസ്റ്റിൽ പറയുന്നു.
“യുക്രേനിയക്കാരെക്കാൾ സമാധാനം ആഗ്രഹിക്കുന്ന മറ്റാരുമില്ല. പ്രസിഡന്റ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴിൽ ശാശ്വതമായ ഒരു സമാധാനം നേടുന്നതിന് പ്രവർത്തിക്കാൻ ഞാനും എന്റെ ടീമും തയ്യാറാണ്.” സെലെൻസ്‌കി പറഞ്ഞു.
വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച പ്രതീക്ഷിച്ച രീതിയിൽ നടന്നില്ല. അങ്ങനെ സംഭവിച്ചതിൽ ഖേദമുണ്ട്. കാര്യങ്ങൾ ശരിയാക്കേണ്ട സമയമാണിത്. ഭാവിയിലെ സഹകരണവും ആശയവിനിമയവും ക്രിയാത്മകമായിരിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി വ്യക്തമാക്കി.















