ലഖ്‌നൗ: മഹാകുംഭമേളയ്‌ക്കെതിരായ പ്രതിപക്ഷവും വിമർശനങ്ങൾക്ക് മറുപടി നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 45 ദിവസം നീണ്ടുനിന്ന കുംഭമേളയിൽ ഒരു ബോട്ട് ഉടമയുടെ കുടുംബം 30 കോടി രൂപ ലാഭം നേടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിൽ പ്രയാഗ്‌രാജിലെ കുംഭമേളയിൽ ബോട്ടുടമകൾ ചൂഷണം ചെയ്യപ്പെട്ടുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“ഒരു ബോട്ട്മാൻ കുടുംബത്തിന്റെ വിജയകഥയാണ് ഞാൻ പറയുന്നത്. അവർക്ക് 130 ബോട്ടുകളുണ്ട്. 45 ദിവസത്തിനുള്ളിൽ അവർ 30 കോടി രൂപ ലാഭം നേടി… അതായത് ഓരോ ബോട്ടിൽ നിന്നും 23 ലക്ഷം രൂപ സമ്പാദിച്ചു. പ്രതിദിനം ഓരോ ബോട്ടിൽ നിന്നും അവർ 50,000-52,000 രൂപ സമ്പാദിച്ചു,” യോഗി ആദിത്യനാഥ് പറഞ്ഞു.കുംഭമേളയിൽ നടത്തിയ ക്രമീകരണങ്ങളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രശംസിച്ചു. 66 കോടി ആളുകൾക്ക് ഉത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതായും അവർ സന്തോഷത്തോടെ നഗരം വിട്ടുപോയതായും അദ്ദേഹം പറഞ്ഞു.
“പീഡനം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, കൊലപാതകം എന്നിവയുടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 66 കോടി ആളുകൾ എത്തി, പങ്കെടുത്തു, സന്തോഷത്തോടെ തിരികെ പോയി. പങ്കെടുക്കാൻ കഴിയാത്തവർക്ക് നഷ്ടമായി തോന്നാം,” അദ്ദേഹം പറഞ്ഞു.
മഹാ കുംഭമേളയിൽ 7,500 കോടി രൂപയുടെ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയുടെ ബിസിനസ് വിറ്റുവരവിന് കാരണമായെന്നും ഇത് ഒന്നിലധികം വ്യവസായങ്ങൾക്ക് ഗുണം ചെയ്തെന്നും ഉത്തർപ്രദേശ് നിയമസഭയിൽ സംസാരിച്ച യോഗി ആദിത്യനാഥ് പറഞ്ഞു. ഹോട്ടൽ മേഖലയിൽ 40,000 കോടി രൂപയും, ഭക്ഷണ-അവശ്യവസ്തുക്കൾ ഇനത്തിൽ 33,000 കോടി രൂപയും, ഗതാഗതത്തിൽ 1.5 ലക്ഷം കോടി രൂപയും, മതപരമായ വഴിപാടുകളിൽ 20,000 കോടി രൂപയും, സംഭാവനകളിൽ 660 കോടി രൂപയും, ടോൾ നികുതികളിൽ നിന്ന് 300 കോടി രൂപയും, മറ്റ് വരുമാന സ്രോതസ്സുകളിൽ നിന്ന് 66,000 കോടി രൂപയും കുംഭമേളയിലൂടെ ലഭിച്ചതായി യോഗി ആദിത്യനാഥ് പറഞ്ഞു.
“മഹാ കുംഭമേളയിലൂടെ, പതിറ്റാണ്ടുകളായി നഗരത്തിന് പ്രയോജനപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ നൽകി. 200-ലധികം റോഡുകൾ വീതികൂട്ടി, 14 ഫ്ലൈ ഓവറുകൾ, ഒമ്പത് അണ്ടർപാസുകൾ, 12 ഇടനാഴികൾ എന്നിവ നിർമ്മിച്ചു,” അദ്ദേഹം സഭയെ അറിയിച്ചു. വിദേശ മാദ്ധ്യമങ്ങൾ പോലും കുംഭമേളയെ പ്രശംസിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.















