ബെംഗളൂരു: ദുബായിൽ നിന്ന് 12 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച കന്നഡ ചലച്ചിത്ര നടി രണ്യ റാവു അറസ്റ്റിൽ. ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് ഇവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലാണ് നടി സ്വർണവുമായെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ നടത്തിയ പരിശോധനയിൽ നടിയുടെ പക്കൽ നിന്നും 14.8 കിലോഗ്രാം സ്വർണം കണ്ടെത്തി.
തിങ്കളാഴ്ച രാത്രി രാത്രിയായാണ് സംഭവം. അറസ്റ്റിലായ രണ്യ റാവുവിനെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നടിയുടെ തുടരെയുള്ള അന്താരാഷ്‌ട്ര യാത്രകൾ ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു. 15 ദിവസത്തിനുള്ളിൽ അവർ നാല് തവണ ദുബായിലേക്ക് യാത്ര ചെയ്തതായി അധികൃതർ കണ്ടെത്തി. ധരിച്ചിരുന്ന വസ്ത്രത്തിൽ ഒളിപ്പിച്ചാണ് രണ്യ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണത്തിന്റെ വലിയൊരു ഭാഗവും ഇവരുടെ ജാക്കറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
താൻ കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിംഗ് കോർപ്പറേഷനിൽ ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന മുതിർന്ന ഐപിഎസ് ഓഫീസർ രാമചന്ദ്ര റാവുവിന്റെ മകളാണെന്ന് ഇവർ ഉദ്യോഗസ്ഥർ പരിചയപ്പെടുത്തിയതായും വിവരമുണ്ട്. വിമാനത്താവളത്തിൽ നിന്ന് എസ്കോർട്ട് ഉറപ്പാക്കാൻ അവർ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായും സൂചന ലഭിച്ചു. നടി ഒറ്റയ്‌ക്കാണോ അതോ ദുബായിക്കും ഇന്ത്യയ്‌ക്കും ഇടയിൽ പ്രവർത്തിക്കുന്ന ഒരു വലിയ സ്വർണ്ണ കള്ളക്കടത്ത് സംഘം ഇതിന് പിന്നിലുണ്ടോ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. മാണിക്യ (2014) എന്ന ചിത്രത്തിൽ കന്നഡ സൂപ്പർസ്റ്റാർ സുദീപിനൊപ്പം അഭിനയിച്ച് പ്രശസ്തയായ രണ്യ റാവു മറ്റ് നിരവധി ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്