കണ്ണൂർ: ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കണ്ണൂർ ജില്ലയിലെ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിൽ കരിക്കോട്ടക്കരി ടൗണിലാണ് കാട്ടാനയിറങ്ങിയത്. വനംവകുപ്പിന്റെ വാഹനത്തിനുനേരെ പാഞ്ഞടുത്ത കുട്ടിയാന അൽപനേരം അക്രമാസക്തനായി. റോഡിൽനിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബർ തോട്ടത്തിലാണ് ഇപ്പോഴുമുള്ളത്. ആനയെ കാട്ടിലേക്ക് തുരത്താനുള്ള തീവ്ര ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാകുവാന്‍ സാധ്യത ഉള്ളതിനാല്‍ മാര്‍ച്ച് അഞ്ചിന് രാവിലെ പത്ത് മണി മുതല്‍ ആറിന് വൈകുന്നേരം ആറ് മണി വരെ ജില്ലയിലെ അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് എട്ട് എടപ്പുഴ, വാര്‍ഡ് ഒമ്പത് കൂമന്‍തോട്, വാര്‍ഡ് പത്ത് കരിക്കോട്ടക്കരി എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ ഒത്തു കൂടുന്നത് നിരോധിച്ച് ജില്ലാ മജിസ്ട്രേട്ടായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു.















