ബെംഗളൂരു: 12 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിക്കവെ അറസ്റ്റിലായ കന്നഡ സിനിമാ നടി രണ്യ റാവുവിന്റെ വീട്ടിൽ റെയ്ഡ് നടത്തി പൊലീസ്. ബെംഗളൂരുവിലെ ലാവെല്ല റോഡിലുള്ള ഫ്ലാറ്റിലാണ് പരിശോധന നടന്നത്. റെയ്ഡിൽ 2.06 കോടി രൂപ വിലമതിക്കുന്ന സ്വർണവും 2. 67 കോടി രൂപയും അന്വേഷണ സംഘം കണ്ടെത്തി.
പൊലീസ് ഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ ജനറൽ രാമചന്ദ്ര റാവുവിന്റെ മകളാണ് രണ്യ റാവു. ദുബായിയിൽ നിന്നെത്തിയ നടിയെ വളരെ ആസൂത്രിതമായാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യാേഗസ്ഥർ നടിക്കായി വിമാനത്താവളത്തിൽ കാത്തുനിൽപ്പുണ്ടായിരുന്നു.
രണ്യ എത്തിയതോടെ സംഘം നടിയെ വളഞ്ഞു. രണ്യയുടെ ദുബായിലേക്കുള്ള പതിവ് വിദേശയാത്രകൾ ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയായിരുന്നു. രണ്ടാഴ്ചയ്‌ക്കിടെ നാല് തവണയാണ് രണ്യ ദുബായിലേക്ക് പോയത്. ഇതോടെ സംശയം ബലപ്പെടുകയായിരുന്നു. കേസുമായി മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണ്. മുമ്പ് നടന്ന യാത്രകളിലും നടി സ്വർണം കടത്തിയിട്ടുണ്ടോയെന്നും ഡിആർഐ ഉദ്യോഗസ്ഥർ അന്വേഷിക്കും.
രണ്യയെ ചോദ്യം ചെയ്യുന്നതിനായി ബെംഗളൂരുവിലെ ഡിആർഐ ഓഫീസിലേക്ക് കൊണ്ടുപോയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ഇതിന് പിന്നാലെയാണ് നടിയുടെ ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത്.