ന്യൂഡൽഹി: ചാർധാം തീർത്ഥാടകരുടെ ദീർഘനാളത്തെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. കേദാർനാഥിലേക്കുള്ള റോപ്പ്‌വേ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. പർവതമാല പദ്ധതിയുടെ ഭാഗമായാണ് 4,081 കോടി രൂപ ചെലവിൽ 129 കിലോ മീറ്റർ ദൈർഘ്യമുള്ള റോപ്പ്‌വേ നിർമിക്കുന്നത്. ഇതോടൊപ്പം ഹേമകുണ്ഡ് സാഹിബ് റോപ്പ്‌വേ പദ്ധതിക്കും അംഗീകാരമായിട്ടുണ്ട്. 12.4 കിലോമീറ്റർ ദൈർഘ്യമുള്ള റോപ്പ്‌വേയ്‌ക്ക് 2,730 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
സോൻപ്രയാഗിൽ നിന്നുമാണ് കേദാർനാഥിലേക്കുള്ള റോപ്പ്‌വേയുടെ ആരംഭം. ലോകത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ റോപ്പ്‌വേകളിൽ ഒന്നായിരിക്കും ഇത്. സമുദ്രനിരപ്പിൽ നിന്ന് 3,583 മീറ്റർ ഉയരത്തിലാണ് നിർമാണം. മണിക്കൂറിൽ 3,600 പേർക്ക് ഇതിലൂടെ യാത്ര ചെയ്യാം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും സോൻപ്രയാഗിൽ നിന്ന് കേദാർനാഥിൽ എത്താൻ വെറും 40 മിനിറ്റ് മതിയാകും. നിലവിൽ 9 വരെ മണിക്കൂർ വരെ ട്രെക്കിംഗ് വേണം കേദാർനാഥിൽ എത്താൻ. രണ്ട് പദ്ധതികളും ബിഒടി മാതൃകയിലാണ് നടപ്പിലാക്കുകയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഹേമകുണ്ഡ് സാഹിബ് റോപ്പ്‌വേ പദ്ധതിയും പ്രദേശത്തിന്റെ വികസനത്തിന് നിർണ്ണായകമാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഗംഗാരിയ വഴി ഹേമകുണ്ഡ് സാഹിബിലേക്കുള്ള യാത്രാ സമയം 45 മിനിറ്റായി കുറയ്‌ക്കും.നിലവിൽ 19 കിലോമീറ്റർ ട്രെക്കിംഗ് നടത്തിയാണ് ഗോവിന്ദ് ഘട്ടിൽ നിന്ന് ഹേമകുണ്ഡ് സാഹിബിൽ എത്തുന്നത്. 12 മണിക്കൂറോളം ഇതിനായി വേണ്ടിവരും. ചമോലി ജില്ലയിൽ 15,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹേമകുണ്ഡ് സാഹിബ് ലക്ഷ്മണന്റെ ധ്യാനസ്ഥലം എന്ന നിലയിലും ഇത് പ്രസിദ്ധമാണ്. കൂടാതെ ഗുരു ഗോവിന്ദ് സിംഗ് ധ്യാനിച്ചിരുന്ന സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. വാലി ഓഫ് ഫ്ലവർ ദേശിയോദ്ധ്യനത്തിന്റെ പ്രവേശന കവാടം എന്ന നിലയിൽ ഗംഗാരിയയ്‌ക്ക് ടൂറിസം ഭൂപടത്തിൽ പ്രാധാന്യമുണ്ട്.
വിദൂര മലയോര മേഖലയിലെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മോദി സർക്കാർ ആരംഭിച്ച പദ്ധതിയാണ് പർവതമാല.















