ബെംഗളൂരു: സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രണ്യ റാവുവിനെ വിശദമായി ചോദ്യം ചെയ്ത് ഡിആർഐ (Directorate of Revenue Intelligence). ഒറ്റവർഷത്തിനിടെ 30 തവണയാണ് നടി ദുബായ് ട്രിപ്പ് നടത്തിയതെന്നും ഓരോ യാത്രയിലും സ്വർണം കടത്തിക്കൊണ്ടുവന്ന് 12-13 ലക്ഷം രൂപ വീതം സമ്പാദിച്ചുവെന്നുമാണ് റിപ്പോർട്ട്. ഒരു കിലോ സ്വർണം കടത്തിയാൽ ഒരു ലക്ഷം രൂപ എന്ന കണക്കിലാണ് നടിക്ക് പ്രതിഫലം ലഭിച്ചിരുന്നത്. ഓരോ ട്രിപ്പിലും പത്ത് കിലോയിലധികം സ്വർണം ഇവർ എത്തിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസമാണ് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് നടി രണ്യ റാവു പിടിയിലായത്. ദുബായിൽ നിന്ന് വരികയായിരുന്ന ഇവരുടെ പക്കൽ നിന്ന് ഗോൾഡ് ബാറുകൾ കണ്ടെത്തിയിരുന്നു. വസ്ത്രത്തിനുള്ളിൽ ധരിച്ച ജാക്കറ്റിനകത്തും ബെൽറ്റിനകത്തും ഒളിപ്പിച്ചാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിനായി പ്രത്യേകം രൂപകൽപന ചെയ്ത ജാക്കറ്റുകളാണ് ധരിച്ചിരിക്കുന്നതെന്നും ഡിആർഐ കണ്ടെത്തി.
സ്ഥിരമായി ദുബായിൽ പോയി വന്നിരുന്നതിനാൽ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു താരം. കഴിഞ്ഞ ദിവസം എയർപോർട്ടിലെ സുരക്ഷാ പരിശോധന അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് രണ്യ റാവുവിനെ ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്. 12.56 കോടി രൂപയുടെ സ്വർണബിസ്കറ്റുകൾ രണ്യയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. അരയിൽ ധരിച്ച ബെൽറ്റിൽ നിന്നാണ് കോടികളുടെ സ്വർണം പിടികൂടിയത്. തുടർന്ന് നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടിയുടെ സ്വർണാഭരണവും 2.67 കോടി രൂപയും കണ്ടെടുത്തു. കസ്റ്റംസ് ആക്ട് 1962 പ്രകാരം നടിയെ അറസ്റ്റ് ചെയ്തതായും ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ഡിആർഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വമ്പൻ കള്ളക്കടത്ത് ശൃംഖലയുമായി രണ്യയ്‌ക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
നടിയുടെ രണ്ടാനച്ഛനാണ് കർണാടക ഡിജിപി രാമചന്ദ്ര റാവു. സ്വർണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് രാമചന്ദ്ര റാവു പ്രതികരിച്ചു. മാദ്ധ്യമങ്ങളിലൂടെയാണ് വാർത്തയറിഞ്ഞത്, ഞെട്ടിപ്പോയി, തനിക്ക് അറിവുള്ള കാര്യമായിരുന്നില്ല ഇത്, മകൾ തന്നോടൊപ്പമല്ല താമസിക്കുന്നത്, അവളുടെ ഭർത്താവിനൊപ്പമാണ്- ഡിജിപി പ്രതികരിച്ചു.