ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുകെ സന്ദർശനത്തിനിടെയുണ്ടായ ഖാലിസ്ഥാനി ആക്രമണത്തെ അപലപിച്ച് ഇന്ത്യ. വിഘടനവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനപരമായ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഇത്തരം ഘടകങ്ങൾ ജനാധിപത്യ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും സംഭവത്തിൽ ഇംഗ്ലണ്ട് നിയമനടപടികൾ കൈക്കൊള്ളണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
“വിദേശകാര്യമന്ത്രിയുടെ യുകെ സന്ദർശന വേളയിൽ സുരക്ഷാ ലംഘനം നടന്നതിന്റെ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടു. വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഈ ചെറിയ സംഘത്തിന്റെ പ്രകോപനപരമായ പ്രവർത്തനങ്ങളെ ഞങ്ങൾ അപലപിക്കുന്നു. ഇത്തരം ഘടകങ്ങൾ ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണ്. അത്തരം സന്ദർഭങ്ങളിൽ ആതിഥേയ സർക്കാർ അവരുടെ നയതന്ത്ര ഉത്തരവാദിത്തങ്ങൾ പൂർണമായും നിറവേറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ലണ്ടനിലെ ചാത്തം ഹൗസിന് പുറത്ത് ഇന്ത്യൻ ദേശീയ പതാകയും ഉച്ചഭാഷിണികളുമായി ഒരു കൂട്ടം ഖാലിസ്ഥാൻ തീവ്രവാദികൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇവിടെ നടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ജയശങ്കറിനുനേരെ ആക്രമണശ്രമം ഉണ്ടായത്. അക്രമികളിൽ ഒരാൾ അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ പാഞ്ഞടുക്കുകയും പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ ഇന്ത്യൻ പതാക കീറിയെറിയുകയുമായിരുന്നു. യുകെ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര സുരക്ഷാ വീഴ്‌ചയിൽ ഇന്ത്യ പ്രഷേധമറിയിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അക്രമിയെയും പ്രതിഷേധിച്ച മറ്റ് വിഘടനവാദികളെയും കസ്റ്റഡിയിലെടുത്തു.















