അമൃത്സർ: അറസ്റ്റിലായ ബികെഐ ഭീകരൻ ലജർ മാസിഹ് കുംഭമേള തകർക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബാബ്ബർ ഖൽസ ഇന്റർനാഷണൽ (BKI) എന്ന ഭീകരസംഘടനയുടെ സജീവ പ്രവർത്തകനാണ് അറസ്റ്റിലായ ലജർ മാസിഹ്.
പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ 3.20ഓടെ യുപി പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ കൗശാംബി ജില്ലയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും ലഹരിമരുന്നുകളും കടത്തുന്നതിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലാകുന്ന സമയത്ത് ലജർ മാസിഹിന്റെ പക്കൽ നിന്ന് രണ്ട് ഹാൻഡ് ഗ്രനേഡുകൾ, രണ്ട് ഡിറ്റണേറ്ററുകൾ, വിദേശനിർമിത നോരിൻകോ M-54 Tokarev പിസ്റ്റൽ, 13 കാട്രിഡ്ജുകൾ, വെടിമരുന്ന് എന്നിവയും ഗാസിയാബാദ് വിലാസത്തിലുള്ള ആധാർ കാർഡും, സിം ഇല്ലാത്ത മൊബൈൽ പോണും പൊലീസ് കണ്ടെടുത്തു.
2024 സെപ്റ്റംബർ 24ന് പഞ്ചാബ് പൊലീസിന്റെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടയാളാണ് മാസിഹ്. പഞ്ചാബിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.















