എറണാകുളം: പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ സ്വകാര്യ ട്യൂഷൻ സെന്ററായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. കേസിലെ പ്രധാന പ്രതിയും മലപ്പുറം മേൽമുറി മഅ്ജദിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണുമായ അബ്ദുൽ നാസർ അറസ്റ്റിലായതിന് പിന്നാലെയാണ് ഷുഹൈബിന്റെ കീഴടങ്ങൽ.
ഹൈക്കോടതി കഴിഞ്ഞ ദിവസം ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലെത്തി ചോദ്യം ചെയ്യലിന് ഹാജരായി മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ, എം എസ് സൊല്യൂഷൻസിനെ തകർക്കാൻ ഒരു കൂട്ടം ആളുകൾ ശ്രമിക്കുന്നുണ്ടെന്നാണ് ഷുഹൈബിന്റെ വാദം. നേരത്തെ അറസ്റ്റിലായ സ്കൂൾ പ്യൂണാണ് എം എസ് സൊല്യൂഷൻസിലെ അദ്ധ്യാപകനായ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്ന് ഷുഹൈബ് സമ്മതിച്ചിട്ടുണ്ട്.
അബ്ദുൽ നാസർ ജോലി ചെയ്യുന്ന സ്കൂളിൽ ഫഹദ് വർഷങ്ങളോളം അദ്ധ്യാപകനായിരുന്നു. ഫഹദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അബ്ദുൽ നാസറുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായത്. പ്ലസ് വണിലെ ബയോളജി, കെമിസ്ട്രി, ഫിസിക്സ്, കണക്ക്, തുടങ്ങിയ വിഷയങ്ങളുടെ ചോദ്യപേപ്പറുകളാണ് അബ്ദുൽ ഫോട്ടോ എടുത്ത് അയച്ചത്.















