ന്യൂഡൽഹി: ഹോളി ആഘോഷിക്കാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതാനൊരുങ്ങി അലിഗഢ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ. ഹൈന്ദവരായ വിദ്യാർത്ഥികളോട് സർവകലാശാല വിവേചനം കാണിക്കുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഹോളി ആഘോഷിക്കാൻ അനുവദിച്ചില്ലെങ്കിൽ വിഷയം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
മാർച്ച് ഒമ്പതിനാണ് ഹോളി ആഘോഷം നടക്കുന്നത്. ആഘോഷത്തിന് അനുമതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സർവകലാശാല വൈസ് ചാൻസിലർക്ക് കത്തയച്ചിരുന്നു. ഹോളിയോടനുബന്ധിച്ച് കലാപരിപാടി സംഘടിപ്പിക്കാൻ അനുവദിക്കണമെന്നും വിദ്യാർത്ഥികൾ കത്തിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ യാതൊരു ആഘോഷങ്ങളും വേണ്ടെന്ന നിലപാടിലായിരുന്നു അധികാരികൾ.
മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ സർവകലാശാല നടത്താറുണ്ടെന്നും എന്നാൽ എന്തുകൊണ്ടാണ് ഹിന്ദു വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നതെന്നും വിദ്യാർത്ഥികൾ ചോദിച്ചു. മിനി ഇന്ത്യ എന്നാണ് എഎംയുവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. അതുകൊണ്ട് തന്നെ അലിഖഢിലെ വൈസ് ചാൻസിലറും എല്ലാ മതസ്ഥരെയും ബഹുമാനിക്കുകയും അവരുടെ പരിപാടികൾക്ക് അനുമതി നൽകുകയും ചെയ്യണമെന്ന് വിദ്യാർത്ഥി പറഞ്ഞു.
അതേസമയം, കാമ്പസിലോ ഹോസ്റ്റലിലോ വിദ്യാർത്ഥികൾക്ക് ഹോളി ആഘോഷിക്കാമെന്നും എന്നാൽ അതിന് വേണ്ടി പ്രത്യേക സ്ഥലം കൊടുക്കാൻ സാധ്യമല്ലെന്നുമാണ് അധികൃതരുടെ നിലപാട്.