ന്യൂഡൽഹി: മാവോയിസ്റ്റ് ഭീകരവാദം രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കപ്പെടുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനമേഖലകളിൽ കമ്യൂണിസ്റ്റ് ഭീകരവാദം ഇല്ലാതാവുകയാണ്. എന്നാൽ അർബൻ നക്‌സലിസം ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നു. സർക്കാരിന്റെ ശക്തമായ നടപടികളിലൂടെ കാടുകളിൽ നിന്ന് നക്സലിസത്തെ ഇല്ലാതാക്കാൻ കഴിയുന്നുണ്ടെങ്കിലും അവർ രാഷ്‌ട്രീയ പാർട്ടികൾക്കിടയിൽ നുഴഞ്ഞുകയറി പ്രവർത്തിക്കുന്നുണ്ടെന്നും കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ ദേശീയ മാദ്ധ്യമത്തിന്റെ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
നേരത്തെ നൂറിലധികം മാവോയിസ്റ്റ് ബാധിത ജില്ലകൾ ഉണ്ടായിരുന്നു, എന്നാൽ ഇന്ന് വിരലിൽ എണ്ണാവുന്ന ജില്ലകളിൽ മാത്രമാണ് മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ളത്. കാടുകളിൽ തമ്പടിക്കുന്ന കമ്യൂണിസ്റ്റ് ഭീകരത പൂർണമായും തുടച്ചുനീക്കുകയാണ്. അർബൻ നക്സലിസം പുതിയ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ഗാന്ധിയുടെ ആശയം ഉൾകൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയിൽ നിന്ന് പോലും അർബൻ നക്സലുകളുടെ ശബ്ദം ഉയർന്നു കേൾക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും പൈതൃകത്തിനും ഐക്യത്തിനും വെല്ലുവിളിയാകുന്ന മാവോയിസ്റ്റ് ഭീകരതക്കെതിരെ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ആഗോള വ്യവസായ മേഖലയിൽ ഇന്ത്യ കൈവരിച്ച വളർച്ചയെക്കുറിച്ചും മോദി വിശദീകരിച്ചു. റൈഫിളുകൾ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് പ്രതിരോധ ഉപകരണങ്ങൾ മുമ്പത്തേക്കാൾ 20 മടങ്ങ് കയറ്റുമതി ചെയ്യുന്നു. സൗരോർജ്ജ ശേഷി 30 മടങ്ങ് വർദ്ധിച്ചു, കളിപ്പാട്ട കയറ്റുമതി മൂന്നിരട്ടിയായി. അടിസ്ഥാനസൗകര്യ നിക്ഷേപം അഞ്ച് മടങ്ങ് വർദ്ധിച്ചു, വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി, എയിംസ് സ്ഥാപനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി. സ്റ്റാർട്ടപ്പ് മേഖല അഭിവൃദ്ധി പ്രാപിച്ചു. പുതിയ ബിസിനസുകൾ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളിൽ ഇന്ത്യ ഇടം നേടിയെന്നും മോദി പറഞ്ഞു.