റീൽ ഷൂട്ടിംഗിനായി എന്ത് റിസ്ക് എടുക്കാനും തയാറാണ് ഇന്നത്തെ തലമുറ. ജീവൻ തന്നെ നഷ്ടമാകുമെന്നറിഞ്ഞാലും അവർ അതിനും മുതിരും. അത്തരത്തിലൊരു സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് അഹമ്മദാബാദിൽ നിന്ന് പുറത്തു വരുന്നത്. റീൽ ഷൂട്ടിനിടെ നിയന്ത്രണം തെറ്റിയ SUV ഫത്തേവാഡി കനാൽ പതിച്ചു. കാറിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്ക് ജീവൻ നഷ്ടമായി. ഒരാളെ കാണാതെയുമായി. റീലിനായി കാറിൽ വീലിംഗും സ്റ്റണ്ടിംഗും നടത്തുകയായിരുന്നു യുവാക്കൾ. ഇതിനിടെ നിയന്ത്രണം തെറ്റിയ വാഹനം കനാലിലേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. ബുധനാഴ്ച വൈകിട്ട് വസ്ന ബാരേജിന് സമീപമാണ് സംഭവം.
കനാലിന് സമീപത്ത് നിന്ന് യുടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായത്. കാറിന് സമീപം മറ്റൊരൾ നിൽക്കുന്നതും ഇയാൾ സഹായത്തിനായി നിലവിളിക്കുന്നതും കാണാമായിരുന്നു.വിവരം ലഭിച്ചതിന് പിന്നാലെ അധികൃതർ സംഭവം സ്ഥലത്തെത്തി. യക്ഷ് സോളങ്കി, യക്ഷ് ഭാൻകോഡിയ എന്നിവരാണ് മരിച്ചത്. ക്രിഷ്ദേവിനെയാണ് കാണാതായത്. ഇവരെ രക്ഷപ്പെടുത്താൻ സുഹൃത്തുക്കൾ കയർ കനാലിലേക്ക് എറിഞ്ഞ് നൽകിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. പത്തു സുഹൃത്തുക്കൾ ചേർന്ന് റീൽസ് ഷൂട്ട് ചെയ്യാനാണ് കാർ വാടകയ്‌ക്ക് എടുത്തതെന്ന് പൊലീസ് കണ്ടെത്തി.