പഞ്ചസാരയ്‌ക്ക് പകരക്കാരനായും പായസത്തിൽ മുഖ്യനായും ശർക്കര മലയാളിയുടെയും ഇന്ത്യക്കാരുടെയും ഒഴിച്ചുകൂടനാവാത്ത മധുര സ്രോതസാണ്. എന്നാൽ ഇനി പ്രകൃതിദത്തമായി നിർമ്മിക്കുന്ന ശർക്കരയെയും കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല. വിപണികളിൽ ലഭ്യമാകുന്ന ശർക്കരയിൽ വൃക്കകളെ തകരാറിലാക്കുന്ന രാസവസ്തുക്കൾ കണ്ടെത്തി. ബെംഗളൂരുവിലെ കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് മായം ചേർത്ത ശർക്കരയുടെ സാമ്പിളുകൾ കണ്ടെത്തിയത്.
തൂക്കവും അളവും വർദ്ധിപ്പിക്കുന്നതിനായി വാഷിങ് സോഡയും ചോക്കുപൊടിയും കലർത്തിയതായി കണ്ടെത്തി. ശർക്കരയ്‌ക്ക് മഞ്ഞകലർന്ന സ്വർണ നിറം നൽകാൻ മെറ്റാനിൽ യെല്ലോ പോലുള്ള അഡിറ്റീവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്സവ സീസണുകളിൽ ശർക്കരയുടെ ആവശ്യകത വർദ്ധിക്കുന്നത് മുന്നിൽക്കണ്ടാണ് ഈ മായം ചേർക്കലെന്നാണ് റിപ്പോർട്ട്.
വൃത്തിയാക്കുന്നതിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഉയർന്ന ക്ഷാര സ്വഭാവമുള്ള രാസവസ്തുവാണ് വാഷിങ് സോഡ. ഇത് മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമല്ല. ഭക്ഷണത്തിലെ വാഷിങ് സോഡയുടെ സാന്നിധ്യം വായ, തൊണ്ട, ആമാശയം എന്നിവിടങ്ങളിൽ പൊള്ളലിനും അന്നനാളത്തിലെ അൾസർ, ഛർദ്ദി, വയറിളക്കം എന്നീ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മധുരപലഹാരങ്ങൾ, മഞ്ഞൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ പലപ്പോഴും നിയമവിരുദ്ധമായി ഉപയോഗിക്കുന്ന സിന്തറ്റിക് ഫുഡ് ഡൈയാണ് മെറ്റാനിൽ യെല്ലോ. ഇത് ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. മെറ്റാനിൽ യെല്ലോ അമിത അളവിൽ ശരീരത്തിലെത്തുന്നത് കരൾ, ഹൃദയം, വൃക്ക, കുടൽ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും.