തൃശൂർ; അന്താരാഷ്‌ട്ര ഡെൻ്റിസ്റ്റ് ഡേ ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ കേരള ബ്രാഞ്ച് വിവിധ പരിപാടികളോടെ തൃശൂർ മെർലിൻ ഇൻറർനാഷണൽ ഹോട്ടലിൽ ആഘോഷിച്ചു. പ്രസിഡന്റ് ഡോക്ടർ സുഭാഷ് മാധവൻ അദ്ധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ മുഖ്യാതിഥിയും കേരള കൗൺസിൽ പ്രസിഡന്റ് സന്തോഷ് തോമസ് വിശിഷ്ടാതിഥിയുമായി. രാവിലെ 11ന് മാദ്ധ്യമങ്ങൾക്കായി നടത്തിയ സെഷനിൽ അസോസിയേഷന്റെ ചരിത്രവും സമകാലിക പ്രവർത്തനങ്ങളും വിശദീകരിക്കപ്പെട്ടു. ഡോ. സമീർ പി.ടി., ഡോ. സിബി, ഡോ ദിനേഷ്, ഡോ. അലക്‌സ്‌തുടങ്ങിയവർ ദന്താരോഗ്യ മേഖല യിലെ നവീന ചികിത്സാ രീതികളെക്കുറിച്ചും മേഖല അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ചും വിശദമായി സംസാരിച്ചു.
അസോസിയേഷൻ 2025ൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും, ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടികൾ, ഓറൽ കാൻസർ നിർണയ സെൻ്ററുകൾ തുടങ്ങിയവയെക്കുറിച്ച് പ്രസിഡൻറ് ഡോക്ടർ സുഭാഷ് മാധവനും സെക്രട്ടറി സിദ്ധാർത്ഥ് നായരും വ്യക്തമാക്കി. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഡെന്റൽ ഹെൽത്ത് പോളിസി രൂപവൽക്കരിക്കണമെന്നും ഹെൽത്ത് ഇൻഷുറൻസിൽ ദന്തചികിത്സ കൂടി ഉൾപ്പെടുത്തണമെന്നും, പുതിയതായി പുറത്തിറങ്ങുന്ന ദന്ത ഡോക്ടർമാർക്ക് ഗവൺമെൻറ് തലത്തിൽ പുതിയ തൊഴിലാവസരങ്ങൾ സൃഷ്ടിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വൈകിട്ട് നടന്ന വർണ്ണാഭമായ ചടങ്ങിൽ കേരളത്തിലെ മികച്ച പ്രവർത്തകർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.















