ഇംഫാൽ: മണിപ്പൂരിലെ വിവിധ ജില്ലകളിൽ നടന്ന പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. പൊലീസ്, അതിർത്തി സുരക്ഷാ സേന, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് മറ്റ് സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധശേഖരം കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൾ ഉൾപ്പെടെ 114 മാരകായുധങ്ങൾ കണ്ടെടത്തി.
ബിഷ്ണുപൂർ, ചന്ദേൽ, സേനാപതി, ജിരിബാം, തൗബാൽ തുടങ്ങിയ ജില്ലകളിലായിരുന്നു പരിശോധന. ബിഷ്ണുപൂർ
ജില്ലയിൽ നടത്തിയ പരിശോധനയിൽ രണ്ട് കാർബൈനുകൾ, രണ്ട് പിസ്റ്റളുകൾ, രണ്ട് റൈഫിളുകൾ, ഒരു ഇംപ്രൊവൈസ്ഡ് മോർട്ടാർ എന്നിവയും കണ്ടെടുത്തു.
ചന്ദേൽ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആയുധങ്ങൾ കണ്ടെത്തിയത്. 12 റൈഫിളുകൾ, മസിൽ-ലോഡഡ് റൈഫിളുകൾ, ഒരു ഇംപ്രൊവൈസ്ഡ് ഷോട്ട്ഗൺ, 32 ഇംപ്രൊവൈസ്ഡ് മോർട്ടാറുകൾ, നാല് സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെ 55 ആയുധങ്ങൾ കണ്ടെത്തി.
നിലവിൽ വനമേഖലയുടെ സമീപത്തുള്ള ജില്ലകളിലാണ് പരിശോധന നടക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോാധന നടന്നുവരികയാണ്.