ബെംഗളൂരു: കർണാടകയിൽ കൂട്ടബലാത്സംഗത്തിനിടെ അക്രമി സംഘം കനാലിൽ തള്ളിയിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒഡിഷാ സ്വദേശി ബിബിഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ ഹംപിയിലെ സനാപൂർ കനാൽ കരയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 27 കാരിയായ ഇസ്രായേലി യുവതിയും ഹോംസ്റ്റേ ഉടമയായ 29 കാരിയുമാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇവരെ ഉപദ്രവിച്ചത്. രാത്രി 12 ഓടെ ഹോംസ്റ്റേയിലെ താമസക്കാരായ മൂന്ന് യുവാക്കൾക്കൊപ്പം കനാൽ കരയിൽ നിൽക്കുകയായിരുന്നു യുവതികൾ. കൂടെയുണ്ടായിരുന്ന യുവാക്കളെ കനാലിലേക്ക് തള്ളിയിട്ടാണ് സംഘം യുവതികളെ പീഡിപ്പിച്ചത്. യുഎസ് പൗരനായ ഡാനിയലും മഹാരാഷ്‌ട്ര സ്വദേശിയായ പങ്കജും നീന്തി രക്ഷപ്പെട്ടിരുന്നു. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ബിബിഷിന്റെ മൃതദേഹം ലഭിച്ചത്.
രാത്രി അത്താഴം കഴിച്ച ശേഷമാണ് ഹോംസ്റ്റേ ഉടമയായ യുവതിയും താമസക്കാരും കനാൽ കരയിൽ എത്തിയത്. ഇതിനിടെ മോട്ടോർ സൈക്കിളിൽ എത്തിയ മൂന്നംഗസംഘം അടുത്ത് വന്ന് പെട്രോൾ എവിടെ നിന്ന് കിട്ടുമെന്ന് ചോദിച്ചു. അടുത്ത് പെട്രോൾ പമ്പ് ഇല്ലെന്ന് പറഞ്ഞപ്പോൾ, സംഘം 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ തർക്കമുണ്ടായി. തുടർന്ന് പ്രതികൾ കൂടെയുണ്ടായിരുന്ന യുവാക്കളെ മർദിച്ച് കനാലിൽ തള്ളിയിട്ട ശേഷം യുവതികളെ ഉപദ്രവിച്ചു. കുറ്റകൃത്യത്തിന് ശേഷം സംഘം മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെട്ടു.
ഗംഗാവതി റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതിക്രമത്തിന് ഇരയായ യുവതികൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രതികൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.















