ക്ഷണിക നേരത്തേക്ക് ആനന്ദം നൽകുകയും, ജീവിതത്തെ പൂർണമായും തകർക്കാൻ കെൽപ്പുള്ളതുമായ വിഷമാണ് ലഹരിമരുന്നുകൾ. ഇന്ന് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സിന്തറ്റിക് ലഹരിയുടെയും പിടിയിൽ അകപ്പെട്ട് വിദ്യാർത്ഥികളും യുവതയും അക്രമത്തിന്റെ പാത പിന്തുടരുന്ന ദയനീയമായ കാഴ്ചയാണ് മലയാളിക്ക് മുൻപിലുള്ളത്. ലഹരിവിരുദ്ധ പോരാട്ടത്തിനായി പൊലീസും സർക്കാരും വിവിധ രാഷ്‌ട്രീയപാർട്ടികളും പൊതുജനങ്ങളും കൈക്കോർത്തു പ്രവർത്തിക്കുന്ന ഘട്ടമാണിത്. ഈ വേളയിൽ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ് നടൻ ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ. ഒരു വർഷം മുൻപ് മനോരമാ ന്യൂസിന് ധ്യാൻ നൽകിയ അഭിമുഖത്തിൽ ലഹരിമരുന്ന് തുലച്ച തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറന്നിരുന്നു. ധ്യാനിന്റെ വാക്കുകളിലേക്ക്..
വീണ്ടും സിന്തറ്റിക് ലഹരി ഉപയോഗത്തിലേക്ക് ഞാൻ കടന്ന വർഷമായിരുന്നു 2018. എന്റെ 19-ാം വയസിൽ സിന്തറ്റിക് ഉപേക്ഷിച്ചതായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് ഭീകരമായി സിന്തറ്റിക് ലഹരി ഉപയോഗിച്ചിരുന്ന ആളാണ് ഞാൻ. ഭീകരമെന്ന് പറഞ്ഞാൽ തിന്നുന്നതിന് തുല്യം. മദ്യത്തിനൊപ്പം സിന്തറ്റിക് ലഹരിയുടെ ഉപയോഗം വീണ്ടും തുടങ്ങി. അച്ഛനുമായി പ്രശ്നത്തിലായി. ഫോണിൽ വിളിച്ച് ചീത്തപറഞ്ഞതുൾപ്പടെ അതിന്റെ ഭാഗമായിരുന്നു. ഞാൻ ചെയ്യുന്നത് എന്താണെന്ന് പോലും മനസിലാകാത്ത അവസ്ഥയിലായി.
എന്റെ ജീവിതം, എന്റെ പഠനം, എന്റെ പ്രണയം അങ്ങനെയെല്ലാം തുലച്ചത് സിന്തറ്റിക് ലഹരിയായിരുന്നു. ആ കാലം എന്റെ നശിച്ച സമയമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ശരീരം പൂർണമായും ഇല്ലാതാക്കി കളയും..
ഇത്രയും സിനിമ ചെയ്യുന്നതും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും എന്റെ റീ-ഹാബ് ആണ് ആക്വച്ചലി. പുനരധിവാസ കേന്ദ്രത്തിൽ പോയി നിൽക്കാൻ എനിക്ക് പറ്റില്ല. 2020 മുതൽ ഒരു മൂന്ന് വർഷം നിർത്താതെ പണിയെടുക്കാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമായിട്ടാണ്. അതാണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുദിവസം പോലും ഞാനിപ്പോൾ ജോലി ചെയ്യാതിരിക്കുന്നില്ല. – ധ്യാൻ പറഞ്ഞു















