കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ മറ്റൊരു നവോത്ഥാനത്തിന് കൂടി തുടക്കം. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന വടക്കുപുറത്ത് പാട്ടിന് ജാതിയുടെ പേരിലുള്ള എതിരേൽപ്പുകൾ വേണ്ടെന്ന് കമ്മിറ്റി തീരുമാനിച്ചു. പകരം ജാതിഭേദമന്യേ ദേശ എതിരേൽപ്പ് നടത്താനാണ് തീരുമാനം. നീക്കത്തെ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്തു.
വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്ത് പാട്ട് ഏപ്രിൽ രണ്ടു മുതൽ 13 വരെയാണ് നടക്കുക. ക്ഷേത്ര മുറ്റത്ത് നെടുംപുര കെട്ടി ദേവിയുടെ കളം വരച്ചാണ് 12 ദിവസം നീണ്ടുനിൽക്കുന്ന വടക്കുപുറത്ത് പാട്ട് ചടങ്ങുകൾ. ഈ ദിവസങ്ങളിൽ വടക്കേനടയിൽ ദേവീസാന്നിദ്ധ്യം കുടികൊള്ളുന്ന കൊച്ചാലും ചുവട്ടിൽ നിന്ന് എല്ലാ ദിവസവും ക്ഷേത്രത്തിലേക്ക് എതിരേല്പ് നടത്താറുണ്ട്. വ്രതമെടുത്ത 64 വനിതകൾ കുത്തുവിളക്കെടുത്തായിരുന്നു എതിരേൽപ്പ് നടത്തിയിരുന്നത്. ഓരോ ദിവസവും വിവിധ ജാതി സംഘടനകളാണ് എതിരേൽപ്പ് നടത്തി പോന്നിരുന്നത്. എന്നാൽ ഇനിമുതൽ ജാതിഭേദമന്യേ ദേശ എതിരേൽപ്പായി നടത്താനാണ് വടക്കുപുറത്ത് പാട്ട് കോടി അർച്ചന കമ്മിറ്റിയുടെ തീരുമാനം.
ആറ് ദിവസം എൻ.എസ്.എസ് കരയോഗങ്ങൾക്കും രണ്ട് ദിവസം ധീവരസഭയ്‌ക്കും ഒരു ദിവസം എസ്.എൻ.ഡി.പി യോഗത്തിനും ബാക്കിയുള്ള ദിവസങ്ങളിൽ മറ്റ് ചില സമുദായസംഘടനകൾക്കുമാണ് അവസരം ലഭിച്ചിരുന്നത്. എന്നാൽ ഇക്കുറി ദേശ എതിരേൽപ്പാകുമ്പോൾ ജാതി വിവേചനം ഉണ്ടാവില്ല. എതിരേൽപ്പിന് അപേക്ഷ നൽകിയ സംഘടനകളിൽ നിന്നുള്ള എട്ടുപേരെ വീതം ഉൾപ്പെടുത്തി എല്ലാ ദിവസവും 64 പേർ വിളക്കെടുക്കട്ടെയെന്നാണ് തീരുമാനം.
തീരുമാനത്തെ പിന്തുണച്ച് വിവിധ സാമുദായിക സംഘടനകൾ രംഗത്തെത്തി. വൈക്കം സത്യഗ്രഹത്തിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന തീരുമാനമാണിതെന്ന് ഹിന്ദു ഐക്യവേദി പ്രതികരിച്ചു.















