പ്രമുഖ ‘മതപണ്ഡിതനും’ പാക് ചാരസംഘടന ISI-യുടെ രഹസ്യ ഏജന്റുമായിരുന്ന മുഫ്തി ഷാ മിർ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം മസ്ജിദിൽ നിന്ന് പുറത്തേക്ക് വന്ന മുഫ്തിയെ അജ്ഞാത സംഘം വെടിവച്ച് കൊല്ലുകയായിരുന്നു. ബലൂചിസ്ഥാനിലെ കെച്ചിൽ സ്ഥിതിചെയ്യുന്ന ടർബത്ത് ടൗണിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ടർബത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം.
ഇന്ത്യയുടെ മുൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ ഇറാനിലെ ചബ്ബാർ തുറമുഖ നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി പാകിസ്താന് കൈമാറുകയും, പാക് ചാരസംഘടനയായ ഐഎസ്ഐയ്‌ക്ക് വേണ്ടി പ്രവർത്തിച്ചെന്ന നിലയിലും ഏറെ കുപ്രസിദ്ധി നേടിയിട്ടുള്ള ഭീകരവാദിയാണ് മുഫ്തി ഷാ മീർ. പാകിസ്താനിലെ ഇസ്ലാമിക് ഫണ്ടമെന്റലിസ്റ്റ് രാഷ്‌ട്രീയ പാർട്ടിയായ JIU-Fന് വേണ്ടി നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് അന്ത്യം.
അനധികൃത മനുഷ്യ, ലഹരിക്കടത്ത് അടക്കം നിരവധി നിയമവിരുദ്ധപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു മുഫ്തി ഷാ മിർ. പാക് ചാരസംഘടനയ്‌ക്ക് വേണ്ടി ദീർഘകാലം പ്രവർത്തിച്ച ഇയാൾ ഐഎസ്ഐയുടെ നിർദേശപ്രകാരം അഫ്ഗാനിസ്ഥാനിലേക്ക് തന്റെ പ്രവർത്തനം വ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദികളെ നുഴഞ്ഞുകയറ്റുന്നതിൽ മുഫ്തിക്ക് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്.















