തിരുവല്ല: പത്ത് വയസുകാരനായ മകനെ ഉപയോഗിച്ച് MDMA വിൽപ്പന നടത്തിയ യുവാവ് പൊലീസിന്റെ പിടിയിൽ. തിരുവല്ല സ്വദേശി മുഹമ്മദ് ഷമീർ (39) ആണ് അറസ്റ്റിലായത്. 4 ഗ്രാം എംഡിഎംഎയുമായി ഭാര്യ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്ത് ലഹരി എത്രത്തോളം പിടിമുറിക്കിയെന്ന് വ്യക്തമാക്കുന്നതാണ് മുഹമ്മദ് ഷമീറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പൊലീസിന്റെ വെളിപ്പെടുത്തൽ. മകന്റെ ശരീരത്തിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ എം ഡിഎംഎ സെല്ലോടാപ്പ് കൊണ്ട് ഓട്ടിച്ച് വച്ചാണ് മുഹമ്മദ് ഷമീറിന്റെ വിൽപ്പനയെന്ന് തിരുവല്ല ഡിവൈഎസ്പി എസ്. അഷാദ് പറഞ്ഞു. തിരുവല്ലയിലെ മെഡിക്കൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം.
കുട്ടിയെ ഒരു ക്യാരിയറായാണ് ഇയാൾ ഉപയോഗിച്ചത്. ലഹരി കൈമാറാനുള്ള യാത്രകളിൽ മകനെയും ഒപ്പം കൂട്ടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബൈക്കിൽ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ സാധാരണയായി പരിശോധനയോ സംശയമോ ഉണ്ടാകില്ല. ഇതാണ് ഇയാൾ മുതലെടുത്തത്. മുഹമ്മദ് ഷമീർ അന്തർ സംസ്ഥാന ലഹരി മാഫിയ തലവാനാണെന്നും പൊലീസ് വ്യക്തമാക്കി.