പത്തനംതിട്ട: രോഗിയായ ഭർത്താവിനെ സ്വന്തം ചുമലിലേറ്റി ഒപ്പം കൊണ്ടുനടന്ന്, ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന മല്ലപ്പള്ളി തെള്ളിയൂർ സ്വദേശിനി സുജ ദാസിനെ അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ കേരള എൻ.ജി.ഒ.സംഘ് പത്തനംതിട്ട ജില്ലാ വനിതാ സമിതി ആദരിച്ചു. വനിതാ വിഭാഗം ജില്ലാ കൺവീനർ സന്ധ്യ പി. എം. ജില്ലാ വൈസ് പ്രസിഡന്റ് ആരതി ആർ. ജില്ലാ കമ്മിറ്റി അംഗം ജി.ജയശ്രീ എന്നിവർ ചേർന്നാണ് ആദരിച്ചത്.
കുറിയന്നൂർ പെരുമ്പാറ ചരിവിൽ വീട്ടിൽ സുജ ദാസിന്റെ ജീവിതത്തിൽ ദുരിതം ആരംഭിച്ചിട്ട് 11 വർഷമായി. തെങ്ങ് കയറ്റത്തൊഴിലാളിയായിരുന്ന ഭർത്താവ് ദാസ് 2014ൽ തെങ്ങിൽ നിന്ന് വീണ് നടുവൊടിഞ്ഞതിനു ശേഷം ഇന്നുവരെ വിശ്രമമില്ലാത്ത ജീവിതമാണ് സുജയുടേത്. സ്വന്തം വീട്ടിലേക്ക് പോകാൻ വഴി ഇല്ലാത്തതിനാൽ നടുവൊടിഞ്ഞ ഭർത്താവിനെ ചുമന്നാണ് പ്രധാന റോഡിൽ എത്തിച്ചിരുന്നത്. 2017ലെ കൊടുങ്കാറ്റിൽ വീട് പൂർണമായും തകർന്നതിനെ തുടർന്ന് മുട്ടുമൺ സ്വദേശികളായ ദമ്പതിമാർ തെള്ളിയൂർ അടിച്ചിനാങ്കുഴിയിൽ സൗജന്യമായി ലഭിച്ച സ്ഥലത്ത് ദാസിനെ ചികിത്സിച്ച ഡോക്ടറും മറ്റും ചേർന്ന് പണികഴിപ്പിച്ച വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.
രണ്ടാഴ്ച മുമ്പ് അസുഖം ബാധിച്ച് ബോധം മറഞ്ഞതിനാൽ ഇപ്പോൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നടുവിലെ വ്രണം പഴുക്കുകയും പഴുപ്പ് വൃക്കയിലേക്ക് വ്യാപിക്കുകയും ചെയ്തു. അസ്ഥി മുഴുവനും ദ്രവിച്ചിരിക്കുന്ന അവസ്ഥയിൽ തുടർ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാനിരിക്കുകയുമാണ്. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ കേരളാ എൻ.ജി.ഒ സംഘ് വനിതാ വിഭാഗം നൽകിയ ആദരവിനും സഹായത്തിനും ഏറെ നന്ദിയും സന്തോഷവുമുണ്ടെന്ന് സുജ പറഞ്ഞു.