ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 73-കാരനായ ധൻകർ ഡൽഹി എയിംസിലാണ് ചികിത്സയിലുള്ളത്. പുലർച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
എയിംസിലെ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. രാജീവ് നാരാംഗിന്റെ ചികിത്സയിലാണ് ധൻകർ. കഴിഞ്ഞ ഏതാനും നാളുകളായി രാജീവ് ഡോക്ടറാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. നിലവിൽ കാർഡിയോളജി വകുപ്പ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ഉപരാഷ്‌ട്രപതിയുടെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്.















