കാസർകോട്: പൈവളിഗയിൽ കാണാതായ 15-കാരിയേയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. 26 ദിവസം മുൻപായിരുന്നു ഇരുവരേയും കാണാതായത്. 15 വയസുള്ള പെൺകുട്ടിയെ പുലർച്ചെയാണ് കാണാതായതെന്ന് വീട്ടുകാർ അറിയിച്ചിരുന്നു. അന്നേദിവസം തന്നെയാണ് അയൽവാസിയായ പ്രദീപിനെയും (42) കാണാതായത്. ഇരുവരും ഒരുമിച്ച് പോയതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
സംഭവത്തിൽ കേസെടുത്ത കുമ്പള പൊലീസ് ഇരുവർക്കും വേണ്ടി അന്വേഷണം നടത്തി വരികയായിരുന്നു. മൊബൈലിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. ഒടുവിലാണ് പ്രദേശത്ത് നടത്തിയ തിരച്ചിലിൽ വീടിനോട് ചേർന്ന ഗ്രൗണ്ടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
15 വയസുള്ള പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും പൊലീസ് ഇക്കാര്യം ഗൗരവത്തിലെടുത്തിരുന്നില്ല എന്ന ആക്ഷേപവും ഇപ്പോൾ ഉയരുന്നുണ്ട്. യുവാവിനൊപ്പം ”ഒളിച്ചോടി” പോയതാകാമെന്ന തരത്തിൽ വിഷയത്തെ സദാചാരവത്കരിച്ച് നിസാരമായി കണ്ടതാണ് നിർഭാഗ്യകരമായ പര്യവസാനത്തിലേക്ക് വഴിവച്ചെന്നാണ് വിമർശനം. പോക്സോ കേസിന്റെ പ്രാധാന്യം വിഷയത്തിന് നൽകിയിരുന്നില്ല. പെൺകുട്ടിയുടെ വീടിന് 200 മീറ്റർ പരിധിക്കുള്ളിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ഇത് കണ്ടെത്താൻ 26 ദിവസത്തോളം പൊലീസിന് വേണ്ടിവന്നുവെന്നത് ദൗർഭാഗ്യകരമാണെന്നും പൊലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഇരുവരേയും ജീവനോടെ കണ്ടെത്താൻ കഴിഞ്ഞേക്കുമായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്.















