കാസർകോട് കാണാതായ 15-കാരിയേയും അയൽവാസി പ്രദീപിനേയും (42) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെൺകുട്ടിയുടെ വീടിന് സമീപമുള്ള ഗ്രൗണ്ടിനടുത്ത് മരത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് 25 ദിവസത്തെ പഴക്കമാണ് വിലയിരുത്തുന്നത്. കാണാതാകുന്ന ദിവസം പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തിലും കാണപ്പെട്ടത്.
മൃതദേഹത്തിന് 25 ദിവസത്തെ പഴക്കമുണ്ടായിട്ടും ഇതുകണ്ടെത്താൻ പൊലീസിന് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുകയാണ്. പ്രദേശത്ത് നേരത്തെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നില്ലെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. മൃതദേഹം പരിപൂർണമായി അഴുകിയ അവസ്ഥയിലായിട്ടും പ്രദേശവാസികൾ ഇത് അറിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. പെൺകുട്ടിയെ കാണാതായതിന് ശേഷമുള്ള 26 ദിവസം എന്ത് രീതിയിലുള്ള അന്വേഷണമാണ് പൊലീസ് നടത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇരുവരുടെയും മൃതദേഹത്തിന് സമീപം ഫോണും കത്തിയും കിടന്നിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കൊണ്ടുപോകും. കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന സംശയവും നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.
ഇന്നുരാവിലെയാണ് പെൺകുട്ടിയെ കാണാനില്ല വാർത്ത മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്ത് അന്വേഷണം നടത്താൻ എത്തിയതോടെയായിരുന്നു ഇത്. കഴിഞ്ഞ 26 ദിവസവും ഇത്തരമൊരു നീക്കം നടത്താതിരുന്ന പൊലീസ് ഇന്ന് പ്രദേശത്ത് എത്താൻ ഇടയാക്കിയ സാഹചര്യമെന്താണെന്നാണ് ദുരൂഹത ഉയർത്തുന്നത്.
അതേസമയം പെൺകുട്ടിക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ പ്രദീപ് എന്ന 42-കാരന്റെ പേരിൽ നേരത്തെയും ചില കേസുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്ക് പ്രദീപുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. മകളെ കാണാതായ ദിവസം വീട്ടുകാർ ആദ്യം പ്രദീപിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.















