വാഷിംഗ്ടൺ: കാലിഫോർണിയയിലെ ബാപ്സ് ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചിനോ ഹിൽസിലെ പ്രാദേശിക അധികാരികളോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
“കാലിഫോർണിയയിലെ ഷിനോ ഹിൽസിലുള്ള ക്ഷേത്രത്തിനെതിരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തെ അപലപിക്കുന്നു. ഈ അതിക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ആരാധനാലയങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും” വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.
ഖാലിസ്ഥാനികളുടെ ആക്രമണത്തിനെതിരെ ശക്തമായി പോരാടുമെന്ന് ബാപ്സ് ക്ഷേത്ര അധികാരികൾ അറിയിച്ചു. ദക്ഷിണ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്സ് ശ്രീ സ്വാമിനാരായൺ മന്ദിറാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രചുവരുകളിൽ കരിതേച്ച് വികൃതമാക്കുകയായിരുന്നു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന പരാമർശങ്ങളുമാണ് അക്രമികൾ ചുവരിൽ എഴുതിയിരുന്നത്.
കാലിഫോർണിയ കേന്ദ്രീകരിച്ച് നടക്കുന്ന ഏഴാമത്തെ സംഭവമാണിത്. കഴിഞ്ഞ സെപ്റ്റംബറിലും കാലിഫോർണിയയിൽ സമാനസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സാക്രമെന്റോയിൽ സ്ഥിതിചെയ്യുന്ന ബാപ്സ് ക്ഷേത്രത്തിന് നേരെയും ഖാലിസ്ഥാനികളുടെ ആക്രമണമുണ്ടായി. ഹിന്ദൂസ് ഗോ ബാക്ക് എന്നുൾപ്പെടെ അസഭ്യവാക്കുകളാണ് ക്ഷേത്രചുവരിൽ എഴുതിയത്.















