ന്യൂഡൽഹി: ഐപിഎൽ സാമ്പത്തിക ക്രമക്കേടിൽ കുറ്റാരോപിതനായ
ലളിത് മോദിക്ക് കനത്ത തിരിച്ചടി. ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കാൻ വന്വാടു സർക്കാർ തീരുമാനിച്ചു. നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനായി പൗരത്വം നൽകാൻ ആകില്ലെന്ന് വന്വാടു സർക്കാർ വ്യക്തമാക്കി.
ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ കേന്ദ്രഏജൻസികൾ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 2010ലാണ് ലളിത് മോദി ലണ്ടനിലേക്ക് കടന്നത്. അടുത്തിടെ തെക്കൻ ശാന്തസമുദ്രത്തിലെ ചെറുരാഷ്‌ട്രമായ വന്വാടുവിൽ ലളിത് മോദി പൗരത്വം എടുത്തിരുന്നു. തുടർന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ തന്റെ ഇന്ത്യൻ പാസ്‌പോർട്ട് തിരികെ സമർപ്പിക്കാൻ അപേക്ഷ നൽകുകയും ചെയ്തു. ഇതിന് പിന്നാലെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ ലളിത് മോദിയുടെ പൗരത്വം വാർത്തയായി. തുടർന്ന് വന്വാടു പ്രധാനമന്ത്രി ജോതം നപത് ലളിത് മോദിക്ക് നൽകിയ പാസ്‌പോർട്ട് റദ്ദാക്കാൻ പൗരത്വ കമ്മീഷനോട് ആവശ്യപ്പെടുകയായിരുന്നു. സ്വന്തം രാജ്യത്ത് നിന്ന് ഒളിച്ചോടിയ വ്യക്തിക്ക് നാടുകടത്തലിൽ നിന്ന് രക്ഷപ്പെടാനായി പൗരത്വം എന്നത് ന്യായീകരിക്കാനാകില്ല, വന്വാടു പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളിപ്പിക്കൽ ഉൾപ്പെടെയുള്ള നിരവധികേസുകളാണ് ലളിത് മോദിക്കെതിരേയുള്ളത്. അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ. ലളിത് മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രസർക്കാർ ഊർജ്ജിതമാക്കിയതോടെയാണ് വന്വാട്ടുവിലേക്ക് മാറാൻ ലളിത് മോദി നീക്കം തുടങ്ങിയത്. എന്നാൽ പൗരത്വം റദ്ദാക്കാൻ വന്വാടു തീരുമാനിച്ചതോടെ നിയമനടപടിയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം പാഴായി.















