റായ്പൂർ: ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ ഇഡി റെയ്ഡ്. കോടിക്കണക്കിന് രൂപയുടെ മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. ദുർഗ ജില്ലയിലുള്ള ഭൂപേഷ് ബാഗേലിന്റെയും മകൻ ചൈതന്യയുടെയും പേരിലുള്ള കെട്ടിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖകൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. മദ്യ അഴിമതിയിലൂടെ 2,162 കോടിയാണ് ഭൂപേഷ് സർക്കാർ തട്ടിയത്. അഴിമതി കേസിൽ മുൻമുഖ്യമന്ത്രിയുടെ മകനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മദ്യ അഴിമതിയിലൂടെ വൻ നഷ്ടമാണ് സംസ്ഥാന സർക്കാർ പൊതു ഖജനാവിലുണ്ടാക്കിയത്. ഭൂപേഷ് ബാഗേൽ അധികാരത്തിലിരുന്ന 2019-22 കാലത്താണ് മദ്യ അഴിമതി നടന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ വിൽപ്പനശാലയായ ഛത്തീസ്ഗഢ് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിലെ ഉദ്യോഗസ്ഥർ ഡിസ്റ്റിലറികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. ജനുവരിയിൽ കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കവാസി ലഖ്മയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
റായ്പൂർ മേയറും കോൺഗ്രസ് നേതാവുമായ ഐജാസ് ധേബറിന്റെ മൂത്ത സഹോദരൻ അൻവർ ധേബർ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ ടുട്ടേജ, ടെലികോം സർവീസ് ഉദ്യോഗസ്ഥൻ അരുൺപതി ത്രിപാഠി തുടങ്ങിയവരെയും ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ പേരിലുള്ള 205 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.















