കൊച്ചി: കാസർകോട് കാണാതായ 15-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അന്വേഷിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമായിരുന്നോ എന്ന് കോടതി ചോദിച്ചു. നിയമത്തിനു മുന്നിൽ വി.വി.ഐപിയും തെരുവിൽ താമസിക്കുന്നവരും തുല്യരാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ബെഞ്ച് പൊലീസിനെ ഓർമിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയുമായി നാളെ ഹൈക്കോടതിയിൽ ഹാജരാവണമെന്നും കോടതി ഉത്തരവിട്ടു. പെൺകുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
കഴിഞ്ഞ ദിവസമായിരുന്നു കാസർകോട് പൈവളിഗയിൽ നിർഭാഗ്യകരമായ സംഭവം റിപ്പോർട്ട് ചെയ്തത്. 26 ദിവസം മുൻപ് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസിയായ 42കാരനെയും 15-കാരിയേയും ഒരേ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹത്തിന് 25 ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനമാണ് പൊലീസ് മുന്നോട്ടുവച്ചത്. എന്നാൽ കുട്ടിയെ കാണാതായി 26 ദിവസത്തോളം പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്ന ആക്ഷേപം ഇതോടെ ഉയർന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ കാണാതായതിലുള്ള അന്വേഷണം ഇത്ര വൈകിയത് എന്തുകൊണ്ടാണെന്നും വിവിഐപിയുടെ മകളായിരുന്നെങ്കിൽ പൊലീസ് ഇത്തരത്തിൽ പെരുമാറുമായിരുന്നോ എന്നും കോടതി ചോദിച്ചത്. കേസ് അന്വേഷിക്കുന്നതിൽ പൊലീസിന് അനാസ്ഥ സംഭവിച്ചെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ശകാരം.
മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായതിന് പിന്നാലെ പ്രാഥമിക റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നു. 20 ദിവസത്തിലധികം പഴക്കമാണ് മൃതദേഹത്തിനുള്ളത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അഴുകിയ മൃതദേഹം ഉണങ്ങാൻ തുടങ്ങിയിരുന്നു. വിശദമായ വിലയിരുത്തലുകൾക്കായി മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് ലാബിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.















