അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസനത്തിന് സംഭാവന നൽകിയ മിഥിലാഞ്ചലിലെയും ബിഹാറിലെയും ജനങ്ങളെ പ്രശംസിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പുരാതന കാലം മുതൽ ജനാധിപത്യത്തെയും തത്ത്വചിന്തയെയും ശാക്തീകരിച്ചതിന്റെ ചരിത്രമാണ് ഈ സ്ഥലങ്ങൾക്കുള്ളത്. സ്ത്രീശക്തിയുടെ സന്ദേശം ലോകത്തിന് മുഴുവൻ നൽകുന്ന സീതാമാതാവിന്റെ ക്ഷേത്രം മിഥിലാഞ്ചലിൽ പണികഴിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അഹമ്മദാബാദിൽ നടന്ന ‘ശാശ്വത് മിഥില മഹോത്സവ് 2025’ പരിപാടിയിൽ പങ്കെടുക്കവെയാണ് അമിത് ഷാ സീതാ മാതാവിനായി ക്ഷേത്രം നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകിയത്.
“ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഞാൻ ബിഹാറിൽ പോയപ്പോൾ, രാമക്ഷേത്രം നിർമ്മിച്ചുവെന്ന് പറഞ്ഞിരുന്നു, ഇപ്പോൾ സീതാമാതാവിന്റെ മഹത്തായ ക്ഷേത്രം പണിയാനുള്ള ഊഴമാണ്. സ്ത്രീശക്തിയുടെ സന്ദേശം ലോകത്തിന് മുഴുവൻ ഈ ക്ഷേത്രം നൽകും. ജീവിതം എല്ലാവിധത്തിലും എങ്ങനെ ആദർശപരമാകണമെന്ന് നമുക്ക് ഉൾകാഴ്ച നൽകും,” അമിത് ഷാ പറഞ്ഞു.
ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ മിഥിലാഞ്ചലിൽ നിന്നും ബിഹാറിൽ നിന്നുമുള്ള ആളുകൾ അതിന്റെ വളർച്ചയ്‌ക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ആറ് പ്രധാന തത്ത്വചിന്തകളിൽ നാലെണ്ണം മിഥിലാഞ്ചലിൽ നിന്നാണ് വന്നത്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കാലം മുതൽ മിഥില ബുദ്ധിജീവികളുടെ നാടാണെന്നും പുരാതന വിദേഹ രാജ്യം ജനാധിപത്യത്തിന്റെ മാതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.















