തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ലഹരി അടങ്ങിയ മരുന്ന് നൽകാത്തതിന് മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്തു. പൊലീസ് സ്റ്റേഷന് സമീപത്തെ അപ്പോളോ ഫാർമസിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
രണ്ട് യുവാക്കൾ മെഡിക്കൽ ഷോപ്പിലെത്തി ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക ആവശ്യപ്പെട്ടിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകാനാകില്ലെന്ന് ജീവനക്കാർ മറുപടി നൽകിയതോടെ യുവാക്കൾ മടങ്ങി. തുടർന്ന് അൽപ്പസമയത്തിന് ശേഷം മറ്റൊരു യുവാവിനെയും കൂട്ടിയെത്തിയാണ് അക്രമം അഴിച്ച് വിട്ടത്. കരിങ്കല്ലും കമ്പിവടിയും ഉപയോഗിച്ച് ഗ്ലാസ് ഡോർ തല്ലി തകർത്ത സംഘം സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനും കേടുപാടു വരുത്തി.
ലഹരിക്ക് പകരമായി ഉപയോഗിക്കുന്ന മരുന്നുകൾ ചോദിച്ചാണ് യുവാക്കൾ എത്തിയതെന്ന് മെഡിക്കൽ ഷോപ്പ് ഉടമകൾ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പരാതി നൽകി മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.















