ലളിത് മോദിയുടെ പൗരത്വവും പാസ്പോർട്ടും റദ്ദാക്കിയതോടെ സെർച്ച് എൻജിനുകളിൽ വാന്വാടു ഹിറ്റ്. കഴിഞ്ഞ ദിവസമാണ് ഈ കൊച്ചു രാജ്യത്തെ കുറിച്ച് മലയാളികൾ കേട്ടു തുടങ്ങിയത്. എവിടെയാണ് വാന്വാടു വിശദമായി അറിയാം…
വടക്കൻ ഓസ്‌ട്രേലിയയിൽ നിന്ന് ഏകദേശം 1,750 കിലോമീറ്റർ കിഴക്കായി ദക്ഷിണ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാഷ്‌ട്രമാണ് വാന്വാടു. സോളമൻ ദ്വീപുകൾക്ക് തെക്കുകിഴക്കായും, ന്യൂ കാലിഡോണിയയ്‌ക്ക് വടക്കുകിഴക്കായും, ഫിജിക്ക് പടിഞ്ഞാറായും ഇത് സ്ഥിതിചെയ്യുന്നു.
Y-ആകൃതിയിലാണ് രാജ്യം. 650 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഏകദേശം 83 ദ്വീപുകൾ ഈ ദ്വീപസമൂഹത്തിലുണ്ട്. എഫേറ്റ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന പോർട്ട് വിലയാണ് തലസ്ഥാനം. ഏറ്റവും ഏറ്റവും വലിയ നഗരവും ഇതാണ്.
ഒരു നികുതി രഹിത രാജ്യമാണോ?
വാന്വാടുവിനെ ഒരു നികുതി രഹിത രാജ്യം എന്ന് പറയാം. കാരണം ഇവിടെ വ്യക്തിഗത ആദായനികുതിയില്ല. 130,000 ഡോളറിന്റെ (1.18 കോടി) നിക്ഷേപം നടത്തുന്നവർക്ക് പൗരത്വം നൽകും. ഗോൾഡൻ പാസ്‌പോർട്ട് പ്രോഗ്രാം എന്നാണ് ഇത് അറിയപ്പെടുന്നത്. 2019ൽ ദേശീയ വരുമാനത്തിന്റെ 30 ശതമാനം നേടിയത് പൗരത്വം വിറ്റാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഈ വിഭാഗത്തിലാണ് ലളിത് മോദിയുടെ പാസ്‌പോർട്ടും.
കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ ഇവിടെ വ്യാപകമാണ്. ദുർബലമായ കള്ളപ്പണം വെളുപ്പിക്കൽ നിയമം കാരണം രാജ്യം ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) “ഗ്രേ ലിസ്റ്റിൽ” ഉൾപ്പെടുത്തി. വാട്ടു ആണ് കറൻസി. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഒരു ഇന്ത്യൻ രൂപ (INR) ഏകദേശം 1.40651 വാട്ടുവിന് തുല്യമാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ബിസ്‌ലാമ എന്നിവയാണ് മൂന്ന് ഔദ്യോഗിക ഭാഷകൾ.
ഐപിഎൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലളിത് മോദിയെ രാജ്യത്ത് എത്തിക്കാനുള്ള നടപടികളിലാണ് കേന്ദ്രസർക്കാർ. ലണ്ടനിൽ കഴിയുന്ന ലളിത് മോദി ഇതിനിടെയാണ് വാന്വാടുവിൽ പൗരത്വം നേടുകയും പാസ്പോർട്ട് കരസ്ഥമാക്കുകയും ചെയ്തത്. എന്നാൽ നിയമനടപടികളിൽ നിന്നും രക്ഷപ്പെടാനുള്ള ലളിത് മോദി നീക്കം പാഴായി. ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ച് വ്യക്തിയുടെ പൗരത്വവും പാസ്പോർട്ടും റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസം വാന്വാടു അധികൃതർ വ്യക്തമാക്കി.















