മുംബൈ: ഇറച്ചി വിൽക്കുന്ന കടകൾക്കായി മൽഹാർ സർട്ടിഫിക്കേഷനുമായി (Malhar Certificate) മഹാരാഷ്‌ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെ. സംസ്ഥാനത്തെമ്പാടുമുള്ള ”ഝട്ക” ഇറച്ചി ഷോപ്പുകൾക്ക് രജിസ്റ്റർ ചെയ്ത് മൽഹാർ സർട്ടിഫിക്കറ്റ് സ്വന്തമാക്കാമെന്നും ഫിഷറീസ് മന്ത്രി പ്രഖ്യാപിച്ചു.
നിലവിലുള്ള ഹലാൽ സർട്ടിഫിക്കേഷന് പോലെ ഇറച്ചിക്ക് നൽകുന്ന അംഗീകാരമാണ് മൽഹാർ സർട്ടിഫിക്കേറ്റ്. ശരിയ-ഇസ്ലാമിക നിയമപ്രകാരം ഇറച്ചി വെട്ടുന്നതിന് ലഭിക്കുന്ന സർട്ടിഫിക്കേറ്റാണ് ഹലാൽ. ഹലാൽ പ്രകാരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോഴാണ് ഹലാൽ സർട്ടിഫിക്കറ്റ് ലഭിക്കുക. ഇതിന് നേർവിപരീതമാണ് ഝട്ക ഇറച്ചി. മൃഗത്തെ വേദനരഹിതമായി കശാപ്പുചെയ്യുന്ന രീതിയാണിത്.
ഝട്ക ഇറച്ചി വിൽക്കുന്നവർക്ക് വേണ്ടി MalharCertification.com എന്ന പ്ലാറ്റ്ഫോം ആരംഭിക്കുന്നതായും ഹിന്ദുക്കളിലെ ഖാട്ടിക് സമുദായത്തിൽ നിന്നുള്ളവരായിരിക്കും ഈ പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുകയെന്നും മന്ത്രി നിതീഷ് റാണെ അറിയിച്ചു.
മഹാരാഷ്‌ട്രയിലെ ഹിന്ദു വിഭാഗത്തിലുള്ളവർക്ക് സഹായകമാകുന്ന സുപ്രധാനമായ ചുവടുവെപ്പാണിതെന്ന് ഫിഷറീസ് മന്ത്രി പ്രതികരിച്ചു. ഝട്ക മട്ടൺ വിതരണം ചെയ്യുന്ന ഇറച്ചിക്കടകൾ തിരിച്ചറിയുന്നതിന് ഈ സംരംഭം ഹിന്ദുക്കളെ സഹായിക്കും. ഇതുപ്രകാരം മൽഹാർ സർട്ടിഫിക്കേഷനുള്ള കടകൾ നോക്കി ആട്ടിറച്ചി/കോഴിയിറച്ചി വാങ്ങാനാകുമെന്നും നിതീഷ് റാണെ പറഞ്ഞു.
ഝട്ക മട്ടൺ, ചിക്കൻ വ്യാപാരികൾക്ക് സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മൽഹാർ വെബ്സൈറ്റ് എന്ന് അധികൃതർ വ്യക്തമാക്കി. പുതിയതും, വൃത്തിയുള്ളതും, മറ്റ് മൃഗങ്ങളുടെ മാംസവുമായി കലരാത്തതുമായ ഇറച്ചിക്കാണ് മൽഹാർ സർട്ടിഫിക്കേഷൻ ലഭിക്കുകയെന്ന് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്താണ് ഝട്ക ഇറച്ചി (Jhatka meat)
ഝട്ക രീതി പ്രകാരം മൃഗങ്ങളെ കശാപ്പുചെയ്തെടുക്കുന്ന മാംസമാണ് ഝട്ക ഇറച്ചി. ഇന്ത്യയിലെ ചില പ്രത്യേക സമുദായക്കാർ ഇത്തരത്തിൽ മൃഗങ്ങളെ കശാപ്പുചെയ്യാറുണ്ട്.
കശാപ്പുചെയ്യുന്ന രീതി
മഴുവോ വാളോ ഉപയോഗിച്ച് ഒറ്റവെട്ടിന് മൃഗത്തെ കശാപ്പുചെയ്യുന്നു. മൃഗത്തെ ഭയപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു. വെട്ടുന്ന പ്രവൃത്തി മൃഗം കാണുകയില്ല, വളരെ പെട്ടെന്ന് കശാപ്പുചെയ്യുന്നു, വെട്ടേറ്റ നിമിഷം തന്നെ മൃഗത്തിന് ജീവൻ നഷ്ടപ്പെടുന്നു. ഇത് വേദനരഹിതമായ മരണത്തിന് സഹായിക്കുന്നു.
ഝട്ക പാരമ്പര്യം പിന്തുടരുന്നവർ ഇത്തരത്തിൽ കശാപ്പുചെയ്ത ഇറച്ചി മാത്രമേ കഴിക്കാറുള്ളൂ. വേദനരഹിതമായി കശാപ്പുചെയ്യപ്പെട്ട മൃഗത്തിന്റെ ഇറച്ചി മാത്രമേ കഴിക്കാവൂ എന്നാണ് ഇവരുടെ സമുദായം പിന്തുടരുന്ന വിശ്വാസം.
ഹലാൽ ഇറച്ചിയും ഝട്ക ഇറച്ചിയും തമ്മിലുള്ള പ്രധാന വ്യത്യാസം
ഹലാൽ ഇറച്ചി ഇസ്ലാമിക നിയമപ്രകാരം കശാപ്പുചെയ്യുന്നതാണ്. ഇതനുസരിച്ച് മൃഗത്തിന്റെ കഴുത്തറുക്കുന്നു. ഇതോടെ മൃഗം പിടഞ്ഞുമരിക്കുന്നു. പൂർണമായും രക്തം വാർന്നുപോകുന്നത് വരെയും വേദന അനുഭവിക്കുന്നു. ദൈർഘ്യമേറെയെടുത്താണ് മൃഗത്തിന് ജീവൻ നഷ്ടപ്പെടുക. ഏറെ വേദനാജനകമായ കശാപ്പുരീതി ആയതിനാൽ ഹലാൽ ഇറച്ചി വാങ്ങാൻ പലരും വിമുഖത പ്രകടിപ്പിക്കാറുണ്ട്.