മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ നാട്ടിലെത്തിയാൽ ഐപിഎല്ലിൽ പരസ്പരം കൊമ്പുകോർക്കാനൊരുങ്ങുകയാണ്. മാർച്ച് 22 നാണ് ഇക്കൊല്ലത്തെ ഐപിഎൽ സീസണിന് തുടക്കം കുറിക്കുന്നത്. ഇതുകഴിഞ്ഞാലും നിരവധി സുപ്രധാന മത്സരങ്ങൾ ഇന്ത്യൻ ടീമിനെ കാത്തിരിപ്പുണ്ട്. ഏഷ്യ കപ്പും, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും വരാനിരിക്കുന്ന ദൗത്യങ്ങളാണ്.
ഐപിഎൽ കഴിഞ്ഞാൽ 2025-27 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത ലക്ഷ്യം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ നാലാം പതിപ്പിന്റെ ഫൈനലിലെത്തുകയാവും ഇന്ത്യയുടെ പ്രധാന ദൗത്യം.
കൂടാതെ 18 വർഷത്തിനുശേഷം പട്ടൗഡി ട്രോഫി സ്വന്തമാക്കുകയെന്നതും ഇന്ത്യയുടെ ബക്കറ്റ് ലിസ്റ്റിലുണ്ട്. രോഹിത്ത് നായകസ്ഥാനമൊഴിഞ്ഞാൽ പുതിയൊരു നേതൃത്വവും ബിസിസിഐയുടെ ചർച്ചകളിലാണ്. അതേസമയം കുട്ടിക്രിക്കറ്റിന്റെ കാര്യമെടുത്താൽ 2026 ലെ ടി20 ലോകകപ്പ് ആയിരിക്കും അടുത്ത ഐസിസി ടൂർണമെന്റ്. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സ്വന്തം മണ്ണിൽ കിരീടം നിലനിർത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്കയും മത്സരത്തിന് സഹ ആതിഥേയത്വം വഹിക്കും. അടുത്ത 12 മാസത്തിനുള്ളിൽ ഇന്ത്യ ഒമ്പത് ടെസ്റ്റ് മത്സരങ്ങളും 12 ഏകദിന മത്സരങ്ങളും കളിക്കും. ഏഷ്യാ കപ്പിലെ മത്സരങ്ങൾക്ക് പുറമെ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടി20 ടീം 18 ടി20 മത്സരങ്ങളും കളിക്കും















