പോർട്ട് ലൂയിസ്: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. പുലർച്ചെ മൗറീഷ്യസ് വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര റാംഗൂലം ഹസ്തദാനം നൽകി സ്വീകരിച്ചു. നവീൻ റാംഗൂലത്തോടൊപ്പം മൗറീഷ്യസ് ചീഫ് ജസ്റ്റിസ്, ദേശീയ അസംബ്ലി സ്പീക്കർ, പ്രതിപക്ഷ നേതാവ്, വിദേശകാര്യ മന്ത്രി, കാബിനറ്റ് സെക്രട്ടറി തുടങ്ങി നിരവധി പേർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
നാളെ (മാർച്ച് 12) മൗറീഷ്യസിൽ നടക്കുന്ന ദേശീയ ദിനാഘോഷത്തിൽ പ്രധാനമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യ- മൗറീഷ്യസ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രിയെ കാണാനായി മൗറീഷ്യസ് വിമാനത്താവളത്തിന് പുറത്ത് തടച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു. ‘എന്റെ സുഹൃത്ത്’ എന്നാണ് മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര റാംഗൂലിയെ നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ചരിത്രം, സംസ്കാരം എന്നിവയിൽ ഇരു രാജ്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസം, ജനാധിപത്യമൂല്യം എന്നിവയാണ് തങ്ങളുടെ ശക്തികളെന്ന് പ്രധാനമന്ത്രി സന്ദർശനത്തിന് മുന്നോടിയായി എക്സിൽ കുറിച്ചു.
മൗറീഷ്യസിൽ 20 -ലധികം ഇന്ത്യൻ ധനസഹായ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തെക്കുകിഴക്കൻ ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ ഈ ദ്വീപിൽ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ അടിസ്ഥാന സൗകര്യ പദ്ധതികളും അദ്ദേഹം പ്രഖ്യാപിക്കും.















