കുസൃതി കാണിച്ചതിന് വളർത്തമ്മ പുറത്തുകയറി ഇരുന്ന് ശിക്ഷിച്ച പത്തുവയസുകാരന് ദാരുണാന്ത്യം. ഇന്ത്യാനയിലെ വാൽപാറൈസോയിലുള്ള ഡക്കോട്ട ലെവി സ്റ്റീവൻസ് എന്ന കുട്ടിക്കാണ് വളർത്തമ്മയുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. പ്രതി 48 കാരിയായ ജെന്നിഫർ ലീ വിൽസണ് കോടതി 6 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 340 പൗണ്ട് (154 കിലോഗ്രാം) ഭാരമുള്ള വളർത്തമ്മ 5 മിനിറ്റോളം കുട്ടിയുടെ മുകളിൽ ഇരുന്നതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോവുകയും അയൽവാസിയുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. തിരികെ കൊണ്ടുവന്നതിനുശേഷവും മോശം പെരുമാറ്റം തുടർന്നു. വീണ്ടും പുറത്തേക്ക് ഓടിപ്പോകാൻ ശ്രമിച്ച ബാലൻ തെന്നി തറയിൽ വീഴുകയായിരുന്നു. ഈ സമയത്താണ് ദേഷ്യം തോന്നിയ വളർത്തമ്മ പത്തുവയസുകാരന്റെ പുറത്തുകയറി ഇരുന്നത്.
ആൺകുട്ടിയുടെ മുകളിൽ അഞ്ച് മിനിറ്റോളം ഇരുന്നതായി അവർ പൊലീസിനോട് സമ്മതിച്ചു. കുട്ടി അനങ്ങാതായപ്പോൾ ആദ്യം അഭിനയിക്കുകയാണെന്ന് കരുതിയ ജെന്നിഫറിന് കൺപോളകൾ പരിശോധിച്ചപ്പോഴാണ് അപകടം മനസിലായത്. ഉടൻ തന്നെ സിപിആർ നൽകിയെന്നും ആംബുലൻസ് വിളിച്ചുവെന്നും അവർ പൊലീസിന് മൊഴി നൽകി. കുട്ടി ശ്വാസംമുട്ടൽ മൂലമാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. കരളിലും ശ്വാസകോശത്തിലും രക്തസ്രാവം ഉൾപ്പെടെ ഗുരുതരമായ ആന്തരിക പരിക്കുകൾ ഉണ്ടായിരുന്നു.