ന്യൂഡൽഹി: ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തി കേന്ദ്രമന്ത്രി ജെപി നദ്ദ. കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന കേരളത്തിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എല്ലാ കുടിശ്ശികയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി സന്തോഷ് കുമാർ എംപി ആശമാരുടെ വിഷയം രാജ്യസഭയിൽ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു നദ്ദയുടെ മറുപടി.
കേരളത്തിൽ ആശാ വർക്കർമാർ പ്രതിസന്ധി നേരിടുകയാണെന്നും നൂറുകോടിയിലധികം രൂപ കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ടെന്നുമായിരുന്നു സന്തോഷ് കുമാർ സഭയിൽ പറഞ്ഞത്. മറുപടി നൽകിയ ജെപി നദ്ദ ഗ്രാമീണ മേഖലകളിലടക്കമുള്ള ആശാവർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചു. ധനസഹായത്തിന്റെ വിഷയത്തിൽ കഴിഞ്ഞയാഴ്ച എൻഎച്ച്എമ്മിന്റെ യോഗം ചേർന്നിരുന്നതായും ആശമാരുടെ വേതനം വർദ്ധിപ്പിക്കുന്ന തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിന്റെ ആരോപണങ്ങൾ നദ്ദ തള്ളിക്കളഞ്ഞു. സംസ്ഥാനത്തിന് കേന്ദ്രവിഹിതത്തിൽ കുടിശ്ശികയില്ല. കേരളത്തിന്റെ വിഹിതത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും കൃത്യമായി നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ മുഴുവൻ വിഹിതവും അനുവദിച്ചിട്ടും കേരളം പണം വിനിയോഗിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ കേന്ദ്രത്തെ പഴിചാരി രക്ഷപെടാമെന്ന കേരളം സർക്കാരിന്റെ മോഹങ്ങൾക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.















