അനന്തപുരിയുടെ ഉത്സവകാലമാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തുന്നത്. പൊങ്കാല മഹോത്സവത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ആറ്റുകാലമ്മയ്‌ക്ക് നേർച്ചയായി നൽകുന്ന പൊങ്കാലയുടെ പിന്നിൽ നിരവധി ഐതീഹ്യങ്ങളുണ്ട്.
ആറ്റുകാലമ്മയ്‌ക്ക് മൺകലത്തിലാണ് ഭക്തർ പൊങ്കാല അർപ്പിക്കുന്നത്. മൂന്ന് മുതൽ 100 കലത്തിൽ വരെ ഭക്തർ പൊങ്കാല നിവേദിക്കാറുണ്ട്. മൺകലത്തിൽ പൊങ്കാലയിടുന്നതിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്. മൺകലത്തിൽ പൊങ്കാലയിട്ടാൽ മാത്രമേ ആറ്റുകാലമ്മയ്‌ക്ക് ഇഷ്ടപ്രസാദമായി മാറുകയുള്ളുവെന്നാണ് വിശ്വാസം.
മൺകലവും അരിയും പഞ്ചഭൂതങ്ങളിൽ ഭൂമിയെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. ഒപ്പം ജലം, അഗ്നി, വായു, ആകാശം എന്നിവകൂടി ഉൾപ്പെടുന്നതോടെ പൊങ്കാല ആറ്റുകാലമ്മയുടെ ഇഷ്ടപ്രസാദമായി മാറും. മൺകലത്തിൽ പൊങ്കാലയിടുമ്പോൾ ചിരട്ട തവിയാണ് ഉപയോഗിക്കുക.
മാർച്ച് അഞ്ചിന് തുടങ്ങിയ പൊങ്കാല മഹോത്സവം മാർച്ച് 14-നാണ് അവസാനിക്കുന്നത്. നിലവിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ ഭക്തർ പൊങ്കാലയ്‌ക്കായി സ്ഥാനം പിടിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തന്നെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ആളുകൾ അനന്തപുരിയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.















