ന്യൂഡൽഹി: മലയാളികൾ അടങ്ങുന്ന രാജ്യാന്തര ലഹരി മാഫിയ സംഘത്തെ കേന്ദ്രീകരിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്തിന്റെ പ്രധാന ഹബ്ബ് ഒമാനാണെന്ന് ഏജൻസികൾ സ്ഥരീകരിച്ചു. ഇറാനിൽ നിർമിക്കുന്ന എംഡിഎംഎ ഒമാൻ വഴിയാണ് ഇന്ത്യയിലേക്ക് കടത്തുന്നത്.
മട്ടാഞ്ചേരി പൊലീസ് പിടികൂടിയ പത്തംഗ സംഘത്തിൽ നിന്നാണ് ഒമാൻ ബന്ധത്തിന്റെ തെളിവ് ലഭിച്ചത്. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കടത്തിന് പിന്നിൽ മലയാളികൾ അടങ്ങുന്ന വൻ റാക്കറ്റാണെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയത്. ഒമാൻ പൗരൻമാരും മലയാളികളും ചേർന്നാണ് എംഡിഎംഎ ശേഖരിക്കുന്നത്. ഇത് പിന്നീട് ലഗേജിൽ ഒളിപ്പിച്ച് ക്യാരിയർമാർ വഴി ഇന്ത്യയിൽ എത്തിക്കും. വിമാനത്താവളങ്ങളിലെ പരിശോധന മറികടക്കാൻ ഫ്ലാസ്ക്കിൽ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്ത്. മട്ടാഞ്ചേരി പൊലീസ് പിടികൂടിയ പത്തംഗ സംഘം ഒരു വർഷത്തിനിടെ അഞ്ച് കിലോ എംഡിഎംഎ കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
കോവിഡിന് ശേഷമാണ് ഇന്ത്യയിലേക്കുള്ള എംഡിഎംഎ കടത്തിന്റെ പ്രധാന ഹബ്ബായി ഒമാൻ മാറുന്നത്. എംഡിഎംഎ എന്ന പേരിൽ വിതരണം ചെയ്യുന്നത് മെത്താംഫിറ്റമിനാണെന്ന് പരിശോധയിൽ സ്ഥിരീകരിച്ചതോടെ ഒമാൻ എംഡിഎംഎയ്‌ക്ക് മാർക്കറ്റ് വർദ്ധിച്ചു. ഇന്ത്യൻ നിർമിത എംഡിഎയേക്കാൽ ഏഴ് ഇരിട്ടി കൂടുതൽ ലഹരി ഇതിനുണ്ട്. ഇന്ത്യൻ നിർമിത എംഡിഎംഎയ്‌ക്ക് കിലോഗ്രാമിന് പത്ത് ലക്ഷമാണെങ്കിൽ ഒമാനിലേതിന് നാല് ലക്ഷം മാത്രമാണ്. ലഹരി മാഫിയ സംഘങ്ങൾ അമ്പതിരട്ടി ലാഭം ഈടാക്കിയാണ് എംഡിഎംഎയുടെ വിൽപ്പന നടത്തുന്നത്.